ശരണവഴികള്‍ ഭക്തസാന്ദ്രം: മണ്ഡലകാല തീര്‍ത്ഥാടനത്തിന് ഇന്നു തുടക്കം; ശബരിമല നട വൈകിട്ട് തുറക്കും

മണ്ഡലകാല തീര്‍ത്ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.

നട തുറന്നശേഷം പതിനെട്ടാംപടിക്കു താഴെ ആഴി തെളിക്കുന്നതോടെ ഭക്തരുടെ പടികയറ്റം തുടങ്ങും. നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായിരിക്കും ആദ്യം പതിനെട്ടാംപടി കയറുക.

വൈകുന്നേരം സോപാനത്തു നടക്കുന്ന ചടങ്ങില്‍ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി കൊല്ലം ശക്തികുളങ്ങര കന്നിമേല്‍പടി തോട്ടത്തില്‍ മഠം നാരായണീയത്തില്‍ എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയെ തന്ത്രി കണ്ഠര് രാജീവര് അഭിഷിക്തനാക്കും.

തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവന്‍ നന്പൂതിരിയുടെ അഭിഷേക ചടങ്ങുകളും നടക്കും. വൃശ്ചികപ്പുലരിയില്‍ ശബരിമലയിലും മാളികപ്പുറത്തും നട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും.

ഡിസംബര്‍ 26നാണ് മണ്ഡല പൂജ. എല്ലാ ദിവസവും പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ഉച്ചപൂജയ്ക്കുശേഷം ഒന്നിന് അടയ്ക്കും. പിന്നീട് മൂന്നിന് തുറന്ന് രാത്രി 11ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. പുലര്‍ച്ചെ നട തുറന്ന് നിര്‍മാല്യദര്‍ശനത്തിനുശേഷം നെയ്യഭിഷേകം എല്ലാ ദിവസവും ഉണ്ടാകും.