അമിത് ഷായോട് രാജിവയ്ക്കാന്‍ ബിജെപിക്കാര്‍ പറയുക; എന്നിട്ട് പി മോഹനനെ ആഭ്യന്തരമന്ത്രിയാക്കുക; മെക് സെവനിലും സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധതയെന്ന് സന്ദീപ് വാര്യര്‍

മലപ്പുറത്തോ കോഴിക്കോടോ ഹോട്ടലില്‍ പോയാലും ജിംനേഷ്യത്തില്‍ പോയാലും റേഷന്‍ കടയില്‍ പോയാലും മുസ്ലിങ്ങള്‍ എണ്ണത്തില്‍ കൂടുതലുണ്ടാവുക എന്നത് സ്വാഭാവികം മാത്രമാണ്. എന്ന് കരുതി റേഷന്‍ കടയില്‍ ക്യൂ നില്‍ക്കുന്നവര്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും ? ഈ നാട്ടിലെ മനുഷ്യര്‍ക്ക് വ്യായാമം ചെയ്യണമെങ്കിലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണോയെന്നും അദേഹം ചോദിച്ചു.

ബിജെപിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതോ ബിജെപി പറഞ്ഞാല്‍ ജനങ്ങള്‍ ഏറ്റെടുക്കാത്തതോ ആയ മുസ്ലിം വിരുദ്ധത നാട്ടിലാകെ പ്രചരിപ്പിക്കുന്നത് സിപിഎം ആണെന്ന് ആവര്‍ത്തിച്ച് അടിവരയിടുന്നതാണ് മെക് സെവന്‍ വിവാദവും . കോണ്‍സ്പിരസി തിയറികള്‍ പടച്ചുവിട്ട് മനുഷ്യരെ ഭിന്നിപ്പിക്കുന്ന പരിപാടികള്‍ അവസാനിപ്പിക്കുന്നതാണ് നമ്മുടെ നാടിനു ഗുണകരം. ബിജെപിയുടെ കൊട്ടേഷന്‍ ഏറ്റെടുത്ത് സിപിഎം നടത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ ഈ നാട് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും അദേഹം പറഞ്ഞു.

മെക് സെവന്‍ തീവ്രവാദമാണെന്നാണ് ഇപ്പോള്‍ ബിജെപിക്കാര്‍ പറയുന്നത് . രണ്ടുവര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ സ്ഥലങ്ങളിലേക്ക് പടര്‍ന്നു കയറിയ ഈ വ്യായാമ ശൃംഖല തീവ്രവാദ പ്രവര്‍ത്തനമാണെങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് രാജിവയ്ക്കാന്‍ പറയുക എന്നതാണ്. എന്നിട്ട് പകരം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനെ ആഭ്യന്തരമന്ത്രിയാക്കുക.

രാജ്യത്തെ പൗരന്മാരെ മുഴുവന്‍ സദാസമയം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ഏജന്‍സികള്‍ക്ക് കഴിയാത്തത് മോഹനന് സാധിച്ചിട്ടുണ്ടെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയാകാന്‍ പരമയോഗ്യന്‍ അദ്ദേഹമാണ്. ഉള്ളിയേരിയില്‍ വരെയുള്ള വ്യായാമ ശൃംഖലയിലെ തീവ്രവാദം തിരിച്ചറിയാന്‍ കെ സുരേന്ദ്രന് പോലും മോഹനനെ ആശ്രയിക്കേണ്ടി വന്നില്ലേ. കോണ്‍സ്പിരസി തിയറികള്‍ പടച്ചുവിട്ട് മനുഷ്യനെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ നിന്ന് കേരളം വഴി മാറി നടന്നേ പറ്റൂവെന്നും സന്ദീപ് പറഞ്ഞു.