"ഇന്ത്യയിലെ മുഴുവൻ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവൻ ഒരു മലയാളി, മലയാളി എന്നും ഒന്നാമൻ"

എൻ.ഡി.എയിൽ മടങ്ങിയെത്തുന്നതിന് സി.കെ. ജാനുവിന് കെ. സുരേന്ദ്രൻ പത്തുലക്ഷം രൂപ കെെമാറിയെന്ന ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി. “മലയാളി എന്നും ഒന്നാമൻ തന്നെ! ഒന്നാലോചിച്ചു നോക്കിയേ, ഇന്ത്യയിലെ മുഴുവൻ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവൻ ഒരു മലയാളി,” എന്ന് സന്ദീപാനന്ദ ഗിരി ഫേയ്സ്ബുക്കിൽ കുറിച്ചു.

ജാനുവിന്‍റെ രാഷ്‌‌ട്രീയ പാർട്ടിയുടെ ട്രഷററായ പ്രസീതയുമായി സുരേന്ദ്രന്‍ നടത്തിയതെന്ന പേരിൽ പ്രചരിക്കുന്ന ഫോണ്‍ സംഭാഷണം സന്ദീപാനന്ദ ​ഗിരി നേരത്തെ ഫേയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ. ജാനുവിന് പത്തു ലക്ഷം രൂപ നൽകാൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനോട് ജെ.ആര്‍.പി ട്രഷറര്‍ പ്രസീത ആവശ്യപ്പെടുന്നതായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.

10 കോടി രൂപയും പാര്‍ട്ടിക്ക്‌ അഞ്ച്‌ നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ്‌ സി.കെ. ജാനു ആവശ്യപ്പെട്ടത്‌. എന്നാല്‍ കോട്ടയത്ത്‌ നടന്ന ചര്‍ച്ചയില്‍ കെ.സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ്‌ സാമ്പത്തിക ബുദ്ധിമുട്ട്‌ പറഞ്ഞ്‌ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും കണ്ണൂരിൽ വാർത്താസമ്മേളനത്തിനിടയിൽ പ്രസീത പറഞ്ഞു. നേരത്തെ പ്രസീതയുടെ ഫോൺ സംഭാഷണം വാട്സാപ്പിലൂടെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം പൊതുമധ്യത്തിൽ വിളിച്ചുപറഞ്ഞ് പ്രസീത രംഗത്ത് വന്നത്. ആരോപണം നിഷേധിച്ച സി.കെ ജാനു, തനിക്ക് അമിത് ഷായുമായടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ വെയ്‌ക്കേണ്ട ആവശ്യമില്ലെന്നും പ്രതികരിച്ചു.