ലോക്‌സഭ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം ദക്ഷിണ മേഖല റിപ്പോര്‍ട്ടിങ്ങില്‍ എസ്എന്‍ഡിപിയ്‌ക്കെതിരെ ഗുരുതര ആരോപണം. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന ജനറല്‍ സെക്രട്ടറി എംവി ഗോവിന്ദനുമാണ് ആരോപണം ഉന്നയിച്ചത്. എസ്എന്‍ഡിപിയില്‍ സംഘപരിവാര്‍ നുഴഞ്ഞുകയറിയെന്നാണ് സിപിഎമ്മിന്റെ ആരോപണം.
സംസ്ഥാനത്ത് ദേശീയ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം മേഖല റിപ്പോര്‍ട്ടിംഗ് നടന്നുവരുകയാണ്. സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ പിന്തുണച്ച് മേഖല റിപ്പോര്‍ട്ടിംഗില്‍ എംവി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ടുകളില്‍ ഗണ്യമായ കുറവുണ്ടായതായി നേരത്തെയും സിപിഎം ആരോപിച്ചിരുന്നു.
ഇതിനെ സാധൂകരിക്കുന്നതായിരുന്നു ദേശീയ ജനറല്‍ സെക്രട്ടറിയുടെയും പ്രസ്താവന. സിപിഎമ്മിന് ലഭിച്ചിരുന്ന എസ്എന്‍ഡിപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. നഷ്ടമായ വോട്ടുകള്‍ തിരികെ കൊണ്ടുവരാനുള്ള നടപടിയുണ്ടാകണം. ജലവും മത്സ്യവും പോലെയാണ് ജനങ്ങളും പാര്‍ട്ടിയും. ജനങ്ങള്‍ക്കിടയിലേക്ക് പാര്‍ട്ടി കൂടുതല്‍ ഇറങ്ങിച്ചെല്ലണമെന്നും യെച്ചൂരി പറഞ്ഞു.
യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിക്കണം. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം സംഭവിച്ചിട്ടും നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാന്‍ സിപിഎമ്മിനായി. വരും നാളുകളിലും ഇതിന് സമാനമായ പ്രവര്‍ത്തനം ആവശ്യമാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. അതേസമയം എസ്എന്‍ഡിപി യോഗങ്ങളില്‍ സംഘപരിവാര്‍ അനുകൂലികളെ തിരികി കയറ്റിയെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടത്.
Read more
നവോത്ഥാന പ്രസ്ഥാനമായ എസ്എന്‍ഡിപിയിലെ ഈ പ്രവണതയെ ചെറുത്ത് തോല്‍പ്പിക്കണം. ക്ഷേമ പെന്‍ഷന്‍ വൈകിയത് ഉള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ജനങ്ങളുടെ മനസ് അറിയാന്‍ താഴെ തട്ടിലുള്ള സിപിഎം നേതാക്കള്‍ക്ക് സാധിക്കുന്നില്ല. എസ്എഫ്‌ഐയിലെ പ്രവണതകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.