ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സരോജിനി ബാലാനന്ദൻ (86) അന്തരിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന അന്തരിച്ച ഇ ബാലാനന്ദന്റെ ഭാര്യയാണ്. മക്കൾ സുലേഖ, സുനിൽ, സരള, പരേതയായ സുശീല. സംസ്കാരം വിദേശത്തുള്ള മകൻ വന്നതിന് ശേഷം. മൃതദേഹം പറവൂർ ഡോൺ ബോസ്കൊ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് കളമശേരി ടൗൺ ഹാളിൽ സരോജിനി ബാലാനന്ദന്റെ മൃതദേഹം പൊതു ദർശനത്തിന് വെയ്ക്കും അറു മണിക്ക് സിപിഎം കളമശേരി ഓഫീസിലും പൊതു ദരശനം. സംസ്കാരം നാളെ രാവിലെ 11 ന്. പറവൂരിൽ മകൾ സുലേഖയുടെ വീട്ടിൽ ചൊവ്വ രാത്രി എട്ടരയോടെ ആയിരുന്നു അന്ത്യം. കോവിഡിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണം കളമശേരിയിലെ വീട്ടിൽ നിന്നും മകളുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.
ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980-85 കാലത്ത് കളമശേരി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.1996 ൽ ആലുവയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലും പ്രവർത്തിച്ചു. കൊല്ലം /ശക്തികുളങ്ങര സ്വദേശിയായിരുന്നു.
സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വനിതാ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സരോജിനി ബാലാനന്ദൻ നടത്തിയത്. സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, സ്ത്രീകൾ തൊഴിൽ രംഗത്ത് നേരിടുന്ന ചൂഷണങ്ങൾ എന്നിവക്കെതിരെ പരാതിക്കാരോടൊപ്പം നിന്ന് അവർ പോരാടി. നീതി ലഭ്യമാക്കാനുള്ള ശക്തമായ ഇടപെടലുകൾ നടത്തി.
Read more
പ്രാദേശികതലത്തിലടക്കം പ്രവർത്തിച്ച് ഉയർന്നുവന്ന നേതാവായിരുന്നു സരോജിനി ബാലാനന്ദൻ. സഖാവ് ഇ.ബാലാനന്ദന്റെ സഹധർമ്മിണി എന്ന നിലയിൽ എന്നും അദ്ദേഹത്തോടൊപ്പം എന്നും സരോജിനി ബലാനന്ദൻ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.