MI VS RCB: ജസ്പ്രീത് ബുംറയ്ക്ക് അഞ്ച് വിക്കറ്റ്‌, മൂന്ന് പേര്‍ ഫിഫ്റ്റിയടിച്ചിട്ടും ആര്‍സിബിക്ക് രക്ഷയില്ല, മുംബൈയ്‌ക്കെതിരെ പോരടിച്ചപ്പോള്‍ സംഭവിച്ചത്

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരും മുംബൈ ഇന്ത്യന്‍സും തമ്മിലുളള മത്സരമാണ്. മുംബൈക്കായി രോഹിത് ശര്‍മയും ആര്‍സിബിക്കായി വിരാട് കോലിയും ഇറങ്ങുന്ന മാച്ച് ആരാധകര്‍ക്ക് വലിയ കാഴ്ചവിരുന്നാകും സമ്മാനിക്കുക. ഇത്തവണ പോയിന്റ് ടേബിളില്‍ മുന്നിലുളള ആര്‍സിബി ഒറ്റത്തവണ മാത്രമാണ് തോറ്റത്. ഈ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. മുംബൈയാവട്ടെ ഈ സീസണില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വിയാണ് വഴങ്ങിയത്. ഒറ്റ മത്സരം മാത്രം ജയിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ ടീമിന് ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏറ്റുമുട്ടിയപ്പോള്‍ ബെംഗളൂരുവിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്.

അന്ന് ഫാഫ് ഡുപ്ലെസിസ്, രജത് പാടിധാര്‍, ദിനേഷ് കാര്‍ത്തിക്ക് എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെ പിന്‍ബലത്തില്‍ മുംബൈക്കെതിരെ 196റണ്‍സെന്ന മികച്ച സ്‌കോര്‍ നേടിയിരുന്നു ആര്‍സിബി. ഈ മത്സരത്തിലാണ് ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ബുംറയുടെ ഫൈഫര്‍ നേട്ടം. മറുപടി ബാറ്റിങ്ങില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്നുളള ഓപ്പണിങ് കൂട്ടുകെട്ട് 101റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കി മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം സമ്മാനിച്ചു. 34 പന്തുകളില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 69 റണ്‍സാണ് കിഷന്‍ അന്ന് അടിച്ചുകൂട്ടിയത്.

രോഹിതാവട്ടെ മൂന്ന് ഫോറും മൂന്ന് സിക്‌സും നേടി 38 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. തുടര്‍ന്ന് സൂര്യകുമാര്‍ യാദവും അര്‍ധസെഞ്ച്വറി നേടിയതോടെ മുംബൈ വിജയത്തിലേക്ക് അടുത്തു. തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയും(21, തിലക് വര്‍മയും(16) ചേര്‍ന്ന കൂട്ടുകെട്ടാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ജസ്പ്രീത് ബുംറയായിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.