സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; സമയോചിതമായി കുട്ടികളെ പുറത്തെടുത്ത് നാട്ടുകാര്‍

പാലക്കാട് ആലത്തൂര്‍ കാട്ടുശേരിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. ബസിലുണ്ടായിരുന്ന കുട്ടികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എഎസ്എംഎം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ബസ് ചേരാമംഗലം കനാലിലേക്കാണ് മറിഞ്ഞത്. വൈകുന്നേരം 4.15ഓടെ ആയിരുന്നു അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

അപകട സമയം ബസില്‍ 24 കുട്ടികളാണുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40ഓളം കുട്ടികളുമായാണ് ബസ് സ്‌കൂളില്‍ നിന്ന് എടുത്തത്. എന്നാല്‍ അപകടസമയം കുട്ടികളുടെ എണ്ണം കുറവായിരുന്നത് അപകടത്തിന്റെ തോത് ലഘൂകരിച്ചിട്ടുണ്ട്.

Read more

റോഡിലെ കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിന്റെ ചില്ല് പൊട്ടിച്ചാണ് നാട്ടുകാര്‍ കുട്ടികളെ പുറത്തെടുത്തത്.