കലൂരിലെ നൃത്ത പരിപാടിയിലെ സുരക്ഷാവീഴ്ചയിൽ നടപടിയുമായി ജിസിഡിഎ. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്എസ് ഉഷയെ സസ്പെൻഡ് ചെയ്തു. കരാറിലെ കാര്യങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ നടത്തിയ മെഗാ ഭരതനാട്യത്തിന് അനുമതി നൽകിയത് വഴിവിട്ട നീക്കത്തിലൂടെയെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് കൊച്ചി സ്വദേശിനി വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം കായിക ഇതര ആവശ്യത്തിന് കലൂർ സ്റ്റേഡിയം വിട്ട് നൽകിയത് വഴിവിട്ട നീക്കത്തിലൂടെയെന്ന് വ്യക്തമാകുന്ന രേഖകളും പുറത്ത് വന്നിട്ടുണ്ട്.
കായിക ഇതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടു നൽകിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് കൊച്ചി സ്വദേശിനി പരാതിയിൽ ആരോപിക്കുന്നു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് പരിപാടി നടത്താൻ മൃദംഗവിഷൻ 23.8.2024 നാണ് അപേക്ഷ നൽകുന്നത്. അപേക്ഷ പരിഗണിക്കാനാകില്ലെന്ന് എസ്റ്റേറ്റ് ഓഫീസർ ഫയലിൽ രേഖപ്പെടുത്തി. ഫിഫ നിലവാരത്തിൽ സ്റ്റേഡിയം നിലനിർത്തേണ്ടതിനാൽ നൃത്തപരിപാടിക്ക് നൽകാനാകില്ലെന്നായിരുന്നു ഫയലിൽ മറുപടി നൽകിയത്.
എന്നാൽ ഇത് മറികടന്ന് ചെയർമാന്റെ ആവശ്യപ്രകാരം സ്റ്റേഡിയം അനുവദിച്ചതെന്ന് രേഖകളിൽ വ്യക്തമാണ്. ജനപ്രതിനിധികളടങ്ങുന്ന ജനറൽ കൗൺസിലാണ് സ്റ്റേഡിയം വിട്ട് നൽകുന്നതിന് അംഗീകാരം നൽകേണ്ടത്. എന്നാൽ ഇത് മറികടന്ന് ചെയർമാൻ കെ ചന്ദ്രൻപിള്ള വഴിവിട്ട് അനുമതി നൽകുകയായിരുന്നു. വാടക നിശ്ചയിച്ചതും ചെയർമാൻ കെ ചന്ദ്രൻപിള്ളയാണ്. ഇതിൽ സാമ്പത്തിക അഴിമതിയുണ്ടെന്നാണ് പരാതി.
അതേസമയം കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപയെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.