ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിതിനെ പരോക്ഷമായി വിമര്‍ശിച്ച് സാഹിത്യഅക്കാദമി സെക്രട്ടറി. തിരുവനന്തപുരം ചലച്ചിത്രമേളയുടെ സമാപനത്തില്‍ സദസില്‍ നിന്നും കൂവല്‍ ഉയര്‍ന്നപ്പോള്‍ താന്‍ പഴയ എസ്.എഫ്.ഐക്കാരനാണെന്ന് രഞ്ജിത് അവകാശപ്പെട്ടിരുന്നു. മേളയുടെ സമാപനത്തില്‍ രഞ്ജിതിനെ ഒരുവിഭാഗം കൂക്കിവിളിച്ചു. കൂവിയ ആളുകളെ രഞ്ജിത് നായ്ക്കളോട് ഉപമിച്ചു. ഈ നടപടികള്‍ക്ക് എതിരേ ഇടതുകേന്ദ്രങ്ങളില്‍ നിന്നു പ്രതിഷേധമുയര്‍ന്നു. ഇതിനിടെയാണ് 71-72 കാലത്ത് എസ്.എഫ്.ഐ. സംസ്ഥാനസെക്രട്ടറിയായിരുന്ന വ്യക്തിയിലും നിലവില്‍ സാഹിത്യഅക്കാദമി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.പി. അബൂബക്കര്‍ രംഗത്തുവന്നത്.
പഴയ എസ്.എഫ്.ഐയുടെ അയലത്തുപോലും വരാത്തവര്‍ ഇപ്പോള്‍ അവകാശവാദങ്ങളുമായി വരുന്നതായാണ് അബൂബക്കറിന്റെ വിമര്‍ശനം. സര്‍ക്കാര്‍ നിയമിച്ച അക്കാദമിയുടെ നേതൃത്വത്തിലുള്ളയാള്‍ മറ്റൊരു അക്കാദമിയുടെ തലവനെ പരോക്ഷമായാണെങ്കിലും വിമര്‍ശിച്ചത് ശ്രദ്ധേയമാണ്. അബൂബക്കര്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പില്‍ ഇത്തരം അവകാശവാദവുമായി വരുന്നവരെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പും നല്‍കി.
Read more
സ്ഥാനമോഹമാണ് രഞ്ജിതിന്റെ അഭിപ്രായപ്രകടനങ്ങള്‍ക്കു പുറകിലെന്ന് പലരും വിമര്‍ശിച്ചു. ഇത്തരക്കാരെ അക്കാദമി നേതൃത്വനിരയിലിരുത്തിയത് എന്തിനാണെന്ന ചോദ്യവും ഉന്നയിച്ചിരുന്നു. വിമര്‍ശനമുയര്‍ത്തിയവരില്‍ ഭൂരിഭാഗവും സി.പി.എം. അനുഭാവികളാണ്. എസ്.എഫ്.ഐ. വക്താവായിരുന്ന അബൂബക്കര്‍ പിന്നീട് അധ്യാപകനും കവിയും വിവര്‍ത്തകനുമായി കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ്.