സ്വത്ത് തര്‍ക്കത്തിനിടയിലെ വെടിവയ്പ്പ്; ബന്ധുവും മരിച്ചു, കൊല ആസൂത്രിതമെന്ന് പൊലീസ്

കോട്ടയം കാഞ്ഞിരപ്പിള്ളിയില്‍ സ്വത്ത തര്‍ക്കത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍, വെടിയേറ്റ് ചികിത്സയിലായിരുന്ന മാതൃസഹോദരനും മരിച്ചു. കൂട്ടിക്കല്‍ സ്വദേശി മാത്യു സ്‌കറിയയാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു മാത്യു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. വെടിയേറ്റ കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ രഞ്ജു കുര്യന്‍ ഇന്നലെ തന്നെ മരിച്ചിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു സ്വത്ത് തര്‍ക്കത്തിനിടെ രഞ്ജു കുര്യനെ സഹോദരന്‍ ജോര്‍ജ് കുര്യന്‍ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബ വീടിന് സമീപത്തുള്ള സ്ഥലത്തെ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

ജോര്‍ജിന് സാമ്പത്തിക ബാധ്യത ഉള്ളതിനാല്‍ ഈ രണ്ടരയേക്കര്‍ സ്ഥലത്ത് വീടുകള്‍ വച്ച് വില്‍പന നടത്താനായിരുന്നു പദ്ധതി. എന്നാല്‍ അരയേക്കര്‍ സ്ഥലം ഒഴിച്ചിടണം എന്ന് രഞ്ജു ആവശ്യപ്പട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പ്രശ്‌നംം ഒത്തു തീര്‍പ്പാക്കാന്‍ വേണ്ടിയാണ് മാത്യു സ്‌കറിയ എത്തിയത്.

എന്നാല്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായതോടെ കൈയില്‍ കരുതിയ തോക്കെടുത്ത് ജോര്‍ജ് വെടിയുതിര്‍ക്കുകയായിരുന്നു. പിടിച്ചുമാറ്റാന്‍ ചെന്ന് മാത്യുവിന് നേരെയും വെടിവച്ചു. തലയ്ക്ക് പരിക്കേറ്റ രഞ്ജു സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മാത്യുവിനെ ഉടനെ കാട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

അതേസമയം കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം. സ്വത്ത് തര്‍ക്കങ്ങള്‍ രണ്ട് ദിവസമായിട്ട് തുടരുകയായിരുന്നു. പ്രതി തോക്ക് കൈയില്‍ കരുതിയത് മുന്‍കൂട്ടി കൊല നടത്താന്‍ തീരുമാനിച്ച് തന്നെയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. വെടിവയ്ക്കാന്‍ ഉപയോഗിച്ച് തോക്കിന് ലൈസന്‍സ് ഉണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.