വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ എല്ലാ പ്രതികളും പിടിയിലായി. കേസില്‍ 18 പ്രതികളാണ് കസ്റ്റഡിയിലുള്ളത്. കേസിലെ മുഖ്യപ്രതി സിന്‍ജോ ജോണ്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കല്‍പ്പറ്റയില്‍ വച്ചാണ് സിന്‍ജോ പിടിയിലാകുന്നത്.
അതേ സമയം സിദ്ധാര്‍ത്ഥിനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് മൂന്നു വര്‍ഷത്തെ പഠന വിലക്ക് സര്‍വകലാശാല ഏര്‍പ്പെടുത്തി. പൂക്കോട് വെറ്ററിനറി കോളജ് ആന്റി റാഗിംഗ് കമ്മിറ്റിയുടെതാണ് തീരുമാനം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് പഠനം സാധ്യമാകില്ലെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
സിദ്ധാര്‍ഥന്റെ മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ എസ്എഫ്ഐക്കാരെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. വെറ്ററിനറി കോളജിലേക്ക് പ്രതിഷേധവുമായി ബിജെപിയും യൂത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തി. കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കല്‍പറ്റ ഡിവൈഎസ്പി ടി.എന്‍.സജീവന്റെ നേതൃത്വത്തില്‍ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കും. ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണ് ലക്ഷ്യം. പ്രതികളുടെ സമാനകളില്ലാത്ത മര്‍ദ്ദനവും ആള്‍ക്കൂട്ട വിചാരണയും സഹായത്തിന് ആരും എത്താത്തതിലുള്ള മനോവിഷമവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
Read more
പോസ്റ്റുമോര്‍ട്ടത്തില്‍ ഉള്‍പ്പെടെ കണ്ടെത്തിയ ശരീരത്തിലെ പരിക്കുകളാണ് മര്‍ദ്ദന വിവരം പുറത്തുകൊണ്ടുവന്നത്. ആത്മഹത്യ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധന നിയമ ലംഘനം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തുക.