കൊല്ലത്ത് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ അല്‍പം വൈകിയതിന് ഡെലിവറി ജീവനക്കാരന് നേരെ യുവതിയുടെ അതിക്രമം. ചൂടുള്ള ഭക്ഷണം ജീവനക്കാരന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. സ്വിഗ്ഗി ജീവനക്കാരനായ കിഴക്കേ കല്ലട തെക്കേമുറി കല്‍പ്പകവാടി സ്വദേശി സുമോദ് എസ്.ആനന്ദ് (40) ന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ജില്ലാ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലെ കരാര്‍ ജീവനക്കാരിയ്‌ക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ താല്‍ക്കാലിക ലാബ് ടെക്‌നീഷ്യനായ അഞ്ജുവാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ചില്ലി ചിക്കനും പോറോട്ടയും മുന്‍കൂര്‍ പണമടച്ച് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു.
ഓര്‍ഡര്‍ ചെയ്ത ലൊക്കേഷന്‍ അനുസരിച്ച് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിനടുത്ത് സുമോദ് ഭക്ഷണവുമായി എത്തി. ഇത് പറഞ്ഞ് വിളിച്ചപ്പോള്‍ ഭക്ഷണം കൊണ്ടുപോയി കാട്ടില്‍ കളയാന്‍ പറഞ്ഞ് യുവതി ദേഷ്യപ്പെടുകയായിരുന്നു.
എന്നാല്‍ അറ്റന്‍ഡറോട് ഓഫീസ് എവിടെയെന്ന് മനസ്സിലാക്കി സുമോദ് ഭക്ഷണവുമായി ചെന്നു. എന്നാല്‍ അത് വാങ്ങാന്‍ യുവതി തയ്യാറായിരുന്നില്ല. തുടര്‍ന്ന് പണമടച്ചതിനാല്‍ ഭക്ഷണം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഭക്ഷണം അവിടെ വച്ച് പുറത്തിറങ്ങുകയും ചെയ്തു.
ഇതിന് പിന്നാലെ സുമോദ് പുറത്ത് ഇറങ്ങിയപ്പോള്‍ ചൂടുള്ള ഭക്ഷണം ആളുകള്‍ നോക്കി നില്‍ക്കെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. നിലത്ത് വീണ് പാക്കറ്റ് പൊട്ടി ഭക്ഷണം പുറത്തായി. നല്ല ചൂടുള്ള ഭക്ഷണമായിരുന്നുവെന്നും, ദേഹത്ത് വച്ച്് പൊട്ടിയിരുന്നെങ്കില്‍ പൊള്ളുമായിരുന്നുവെന്നും സുമോദ് പറഞ്ഞു.
Read more
ലബോറട്ടറി മെഡിക്കല്‍ ഓഫീസര്‍ക്കും സുമോദ് പരാതി നല്‍കി. യുവതി ജോലി സംബന്ധമായ പരാതിയില്‍ അന്വേഷണം നേരിടുന്ന ആളാണെന്നാണ് അറിയുന്നത്.