മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി താൽക്കാലിക ബാച്ചുകൾ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രമാണ് താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി. അതേസമയം പ്രശ്നത്തിന് പരിഹാരമാവില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പ്രതിസന്ധി തുടരുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രി സീറ്റ് അനുവദിച്ച കാര്യം അറിയിച്ചത്. പൊതു വിദ്യാലയങ്ങൾ മാത്രമാണ് താൽക്കാലിക ബാച്ച് അനുവദിച്ചത്. മലപ്പുറം ജില്ലയിൽ 120 ഉം, കാസർകോട് 18 ഉം താൽക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. മലപ്പുറത്ത് 24 സർക്കാർ സ്കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ് 18 സർക്കാർ സ്കൂളുകളിലായി 18 ബാച്ചുമാണ് അനുവദിച്ചത്.
മലപ്പുറത്ത് കൊമേഴ്സിന് 61 ബാച്ചും, ഹുമാനിറ്റീസ് 59 ബാച്ചുകളുമാണ് അനുവദിച്ചത്. അതേസമയം സയൻസ് ബാച്ച് അനുവദിച്ചിട്ടില്ല. 13 കൊമേഴ്സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് കാസർകോട് അനുവദിച്ചത്. ഒരു സയൻസ് ബാച്ച് അനുവദിച്ചു. അതേസമയം പുതിയ ബാച്ച് അനുവദിക്കുന്നതിലൂടെ 14 കോടിയിലധികം രൂപയുടെ ബാധ്യത ഒരു വർഷം സർക്കാറിന് ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.