കൃത്യമായ അജണ്ടയുമായാണ് കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്ന് വിമർശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. മാതൃഭൂമി പത്രത്തിലെ വാർത്ത ചൂണ്ടിക്കാട്ടിയാണ് വിമർശനം. സാമൂഹ്യമാധ്യമ പോസ്റ്റിലൂടെയാണ് ആരോഗ്യമന്ത്രി വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ആശാവർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്താനിരുന്ന കൂടിക്കാഴ്ച സംബന്ധിച്ച വാർത്തയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. മുന്‍കൂര്‍ അനുമതിയില്‍ വിവാദം, തിരിച്ചടിയായി, വീണാ ജോര്‍ജിന്റെ ഡല്‍ഹി യാത്ര’ എന്ന വാര്‍ത്തയുടെ പത്ര കട്ടിങ്ങും മന്ത്രി കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
‘കൃത്യമായ അജണ്ടയുമായാണ് കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് എന്നതിന് മറ്റൊരു ഉദാഹരണം കൂടി. ഇന്നത്തെ മാതൃഭൂമി പത്രത്തിലെ ‘മുന്‍കൂര്‍ അനുമതിയില്‍ വിവാദം, തിരിച്ചടിയായി, വീണാ ജോര്‍ജിന്റെ ഡല്‍ഹി യാത്ര’ എന്ന വാര്‍ത്ത പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. മുന്‍കൂര്‍ അനുമതി തേടിയില്ല,, ആശമാരെ പറഞ്ഞുപറ്റിച്ചു തുടങ്ങിയ തീര്‍ത്തും തെറ്റായ കാര്യങ്ങള്‍ ആദ്യ വരികളില്‍ തന്നെ കൊടുക്കാന്‍ അതിജാഗ്രത പുലര്‍ത്തിയ മാതൃഭൂമി, എന്നാല്‍ തൊട്ടടുത്ത വരികളില്‍ തന്നെ അറിയാതെ സത്യം പറഞ്ഞു പോകുന്നുമുണ്ട്. സന്ദര്‍ശനാനുമതി തേടി കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഇ-മെയില്‍ അയച്ച സമയം ഞാന്‍ തന്നെ പുറത്ത് വിട്ടു എന്നും ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് മെയില്‍ അയച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സന്തോഷം. ആ വാര്‍ത്തയ്‌ക്കൊപ്പമുള്ള എന്റെ പ്രതികരണത്തില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ് ആശമാര്‍ നിരാഹാര സമരത്തിലേക്ക് കടക്കുന്നുവെന്ന് കണ്ടതോടെയാണ് കേന്ദ്രമന്ത്രിയെ കാണാന്‍ ശ്രമിച്ചതെന്ന്. സമരക്കാരുമായി നടത്തിയ ചര്‍ച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞപ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ട് പ്രശ്‌നം അവതരിപ്പിക്കാന്‍ ശ്രമം നടത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ ശ്രമം നടത്തുന്നുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ലെന്നുമാണ് ദില്ലിയില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് മാതൃഭൂമി. ഈ വാര്‍ത്തയുടെ തൊട്ടടുത്തായി ഏഴാം പേജില്‍ ഒരു ഒറ്റക്കോളം വാര്‍ത്തയുണ്ട്. ഇപ്പോഴത്തെ സംഭവങ്ങളിലെ ചിലരുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്ന വാര്‍ത്ത. കേരളത്തിന് എതിരു നില്‍ക്കുന്ന മാധ്യമങ്ങള്‍ അത് തമസ്‌കരിക്കുകയോ, ഒറ്റക്കോളത്തിലേക്ക് ഒതുക്കുകയോ ചെയ്ത ആ വലിയ വാര്‍ത്ത. ‘വീണാ ജോര്‍ജിനെ കാണുമെന്ന് കേന്ദ്രമന്ത്രി നഡ്ഡ’യെന്ന തലക്കെട്ടില്‍ നടത്തിയ ആ വാര്‍ത്തയില്‍ വീണാ ജോര്‍ജ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് താന്‍ അറിഞ്ഞില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ലോക്‌സഭയെ അറിയിച്ചിരിക്കുന്നതെന്ന് പറഞ്ഞു പോകുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്‌ക്രീമിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ഒരു സംസ്ഥാനത്ത് സമരം നടത്തുമ്പോള്‍, അത് നിരാഹാര സമരത്തിലേക്ക് മാറുമ്പോള്‍ ആ വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രി അനുമതി തേടിയിട്ട് ആ വിഷയം അറിഞ്ഞില്ലെന്ന് ഒരു കേന്ദ്ര മന്ത്രി പറയുമ്പോള്‍, അവിടെ ഉണ്ടായ വീഴ്ച മാധ്യമങ്ങള്‍ ചിന്തിക്കുന്നതേയില്ല. പകരം സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു പറ്റിച്ചുവെന്ന് എഴുതി പിടിപ്പിക്കാനാണ് മാധ്യമങ്ങള്‍ക്ക് ധൃതി. ആ ഒറ്റക്കോളം വാര്‍ത്തയില്‍ തന്നെയുണ്ട് മറ്റൊരു വരി. വീണാ ജോര്‍ജിനെ കാണാന്‍ ആരോഗ്യമന്ത്രി തയ്യാറായില്ലെന്ന് അഭ്യൂഹമുണ്ടൈന്നും അതില്‍ വ്യക്തത വരുത്താന് ശ്രീ. കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടുവെന്നും. ആ ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമായി ഉത്തരം പറഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു മാതൃഭൂമി. സഭയില്‍ വ്യക്തമായി ഉത്തരം പറയാതെ ചേംബറിലേക്ക് എം.പിയെ ക്ഷണിച്ചെന്നും പ്രത്യേകം പറയുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ കാണാത്തത് ചില മാധ്യമപ്രവർതകരുടെ ഇടതുവിരുദ്ധത മൂലമുള്ള അന്ധത കൊണ്ടാണ്. സത്യം തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.’