ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യം തള്ളി; കേസ് ഡയറി ഉടന്‍ ഹാജരാക്കണമെന്നും കോടതി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ കേസുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി തള്ളി. ഇന്ന് തന്നെ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശ്രീറാമിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധനാഫലം ഹാജരാക്കണമെന്നും, ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് പോലീസ് എങ്ങനെ കണ്ടെത്തി എന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. കൂടാതെ വഫ ഫിറോസിന്‍റെ രഹസ്യമൊഴി പുറത്തു പോയതിനെയും കോടതി വിമര്‍ശിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ചോരരുതെന്ന ധാരണയോടെ തന്ന മൊഴി എങ്ങനെ ചേര്‍ന്നുവെന്നും കോടതി ചോദിച്ചു.

തെളിവ് ശേഖരണത്തിനായി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് കോടതിയോട് ആവശ്യപ്പെട്ടത്. അതേസമയം ശ്രീറാം വെങ്കിട്ടരാമനെ ജേക്കബ് തോമസിനെ പോലെ ആക്കരുതെന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ശ്രീറാമിന് നട്ടെല്ലിനും തലയ്ക്കും പരിക്കുണ്ടെന്നും മാധ്യമ വിചാരണയാണ് ശ്രീറാമിനെതിരെ നടക്കുന്നതെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Read more

പ്രതി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ആണെന്ന കാരണത്താൽ നിയമലംഘനം ന്യായീകരിക്കാനാവില്ലെന്നും മാധ്യമ പ്രവർത്തകനെയല്ല ഏതു വ്യക്തിയെ ഇടിച്ചാലും ഇതേ നിലപാടാണ് ഉള്ളതെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ കോടതിയിൽ പറഞ്ഞു. കേസ് ഡയറി പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനം പറയാമെന്ന് കോടതി അറിയിച്ചു.