ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി; നടപടി ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ തുടർന്ന്

പത്രപ്രവർത്തകനായ കെ.എം ബഷീർ കാറിടിച്ചു മരിക്കാനിടയായ കേസിൽ സര്‍വ്വേ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. സൂപ്രണ്ടിന്റെ പരിശോധനക്ക് ശേഷം തിരുവനതപുരം മെഡിക്കൽ കോളേജ് ജയിൽ സെല്ലിലേക്ക് മാറ്റും എന്നാണ് സൂചന. ശ്രീറാമിനെ നേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റും എന്നായിരുന്നു ആദ്യം റീപ്പോർട്ടുകൾ. എന്നാൽ ശ്രീറാമിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ബോധ്യപ്പെട്ട വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ തുടർന്നാണ് ജയിലിലേക്ക് എത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും സ്ട്രെച്ചറിൽ കിടത്തി മുഖാവരണം വച്ച് പോലീസ് അകമ്പടിയോടെ ആംബുലൻസിൽ ശ്രീറാമിനെ മജിസ്‌ട്രേറ്റ് അമല എസ്.ആറിന്റെ മുന്നിൽ ഹാജരാക്കിയതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ശ്രീറാമിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടും.

ഐ.എ. എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചു കാറോടിക്കുകയും മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ ബൈക്കിനു പിറകിൽ ഇടിക്കുകയുമായിരുന്നു. സംഭവത്തിൽ കോടതി റിമാന്‍ഡ് ചെയ്തിട്ടും ശ്രീറാം പിതാവിനൊപ്പം സ്വകാര്യ ആശുപത്രിയായ കിംസിലെ ആഡംബര മുറിയില്‍ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഉള്ള നടപടികൾ സ്വീകരിച്ചത്, സര്‍ക്കാര്‍ നേരിട്ട് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു എന്നാണ് വിവരം. അതേസമയം ശ്രീറാമിന് ആരോഗ്യ പ്രശനങ്ങൾ ഇല്ലെന്നു കണ്ടെത്തിയ മജിസ്‌ട്രേറ്റ് അദ്ദേഹത്തെ നേരിട്ട് സബ്ജയിലിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയിരുന്നു.

അപകടത്തില്‍ ശ്രീറാമിന്‍റെ നട്ടെല്ലിന് പരിക്കുണ്ടെന്നും അദ്ദേഹത്തിന് തുടര്‍ചികിത്സ ആവശ്യമാണെന്നും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു എന്നും, അതിനനുസരിച്ചാണ് അദ്ദേഹത്തെ അവിടെ തുടരാന്‍ അനുവദിക്കുന്നത് എന്നുമായിരുന്നു പൊലീസില്‍ നിന്നും നേരത്തെ ലഭിച്ചിരുന്ന വിശദീകരണം.

എന്നാല്‍ റിമാന്‍ഡ് തടവിലുള്ള ശ്രീറാമിനെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നത്തിന് എതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ബഷീറിന്‍റെ കുടുംബം പരാതിയുമായി രംഗത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് ശ്രീറാമിനെ
സ്വകാര്യ ആശുപത്രിയിൽ നിന്നും മാറ്റിയത്.

Read more

കേസില്‍ റിമാന്‍ഡിലായ ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് നാളെ പുറപ്പെടുവിക്കും എന്നാണ് സൂചനകൾ. ഇന്ന് ഞായറാഴ്ച്ച ആയതിനാലാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ നീളുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.