സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍; രണ്ടാം സ്ഥാനത്ത് കോഴിക്കോട്

62ാമത് സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍ കലാകിരീടം കണ്ണൂരിലേക്ക്. നാലാം തവണയാണ് കണ്ണൂരിന്റെ കിരീട നേട്ടം. 952 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. സമാപന ദിവസമായ ഇന്ന് രാവിലെ മുതല്‍ മുന്നില്‍ നിന്ന കോഴിക്കോടിനെ പിന്നിലാക്കിയാണ് കണ്ണൂരിന്റെ കുതിപ്പ്.

949 പോയിന്റുകള്‍ നേടിയ കോഴിക്കോടാണ് രണ്ടാം സ്ഥാനത്തുള്ളത്. 938 പോയിന്റുകള്‍ കരസ്ഥമാക്കി പാലക്കാട് മൂന്നാം സ്ഥാനത്തുണ്ട്. കണ്ണൂര്‍ ഇതിന് മുന്‍പ് മൂന്ന് തവണ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 1997, 1998, 2000 എന്നീ വര്‍ഷങ്ങളിലായിരുന്നു കണ്ണൂര്‍ നേരത്തെ ഒന്നാം സ്ഥാനം നേടിയത്.

23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂര്‍ വീണ്ടും കലാ കിരീടം സ്വന്തമാക്കുന്നത്. അതേസമയം കണ്ണൂരില്‍ നാളെ വിജയികള്‍ക്ക് സ്വീകണം സംഘ
ടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം 3ന് ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ നിന്ന് സ്വീകരണം ആരംഭിക്കും. 5ന് കണ്ണൂരില്‍ സ്വീകരണ യോഗവും നടക്കും. തൃശൂര്‍ ജില്ലയാണ് 925 പോയിന്റുകള്‍ നേടി നാലാം സ്ഥാനത്തുള്ളത്. മലപ്പുറം ജില്ലയ്ക്ക് 913 പോയിന്റുകളും, ആതിഥേയരായ കൊല്ലത്തിന് 910 പോയിന്റുകളും നേടി.

എറണാകുളം ജില്ല 899 പോയിന്റുകളും തിരുവനന്തപുരം 870 പോയിന്റുകളും നേടിയപ്പോള്‍ ആലപ്പുഴ 852 പോയിന്റുകള്‍ കരസ്ഥമാക്കി. കാസര്‍ഗോഡ് 846 പോയിന്റുകള്‍ നേടിയപ്പോള്‍ കോട്ടയം 837 പോയിന്റുകളും വയനാട് 818 പോയിന്റുകളും പത്തനംതിട്ട 774ഉം ഇടുക്കി 730ഉം പോയിന്റുകളും നേടി.