കൊല്ലം കരുനാഗപ്പള്ളിയിലും തെരുവ് നായ ആക്രമണം; രണ്ടര വയസുകാരന്റെ ചെവി കടിച്ചെടുത്തു

ആലപ്പുഴയ്ക്ക് പിന്നാലെ കൊല്ലം കരുനാഗപ്പള്ളിയില്‍ രണ്ടരവയസുകാരന് നേരെ തെരുവ് നായ ആക്രമണം. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് കുമരേത്ത് പടിഞ്ഞാറെ തറയില്‍ സംഗീതയുടെയും ശ്യാംകുമാറിന്റെയും മകന്‍ ആദിനാഥിനാണ് തെരുവ് നായ ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. മുത്തച്ഛനൊപ്പം വീടിന് സമീപം കളിച്ചുകൊണ്ട് നിന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നെറ്റിക്കും കഴുത്തിലും മുറിവുകളുണ്ട്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ചെവി പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read more

എന്നാല്‍ ഇവിടെ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്ന ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ കുട്ടിയെ അവിടെ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അനസ്‌തേഷ്യ നല്‍കുന്നതിലെ തടസം മൂലം പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ സാധിച്ചില്ല. ചെവിയുടെ ഭാഗം തുന്നിച്ചേര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രദേശത്ത് തെരുവ്‌നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.