ലോകമാധ്യമങ്ങള്‍ക്ക് മുന്നില്‍ യുക്രെയ്ന്‍ പ്രസിഡന്റെ വോളോദിമര്‍ സെലന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുണ്ടായ തമ്മില്‍തല്ല് റഷ്യ- യുക്രയ്ന്‍ യുദ്ധത്തില്‍ ചെറുതല്ലാത്ത മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. റഷ്യ പറഞ്ഞയിടത്തേക്ക് കാര്യങ്ങള്‍ എത്തുന്നുവെന്നതിന്റെ ആഹ്ലാദം പുടിന്റേയും സന്നാഹങ്ങളുടേയും പ്രതികരണങ്ങളില്‍ കാണാം. നാറ്റോയുടെ സഹായം യുക്രെയ്‌നും സെലെന്‍സ്‌കിയക്കും ഒളിഞ്ഞും തെളിഞ്ഞും കിട്ടുമെങ്കിലും അമേരിക്കയുടെ തിരസ്‌കാരം പുടിനും റഷ്യന്‍ ഏജന്‍സികള്‍ക്കും നല്‍കുന്ന ആഹ്ലാദം യുക്രെയ്‌നില്‍ വൈറ്റ് ഹൗസ് സംഭവത്തിന് ശേഷം റഷ്യന്‍ പട തീര്‍ക്കുന്ന സംഹാരനടപടികളില്‍ വ്യക്തമാണ്. വെള്ളിയാഴ്ചത്തെ സെലന്‍സ്‌കിയുടെ വെറ്റ് ഹൗസ് ഇറങ്ങിപ്പോക്കിന് പിന്നാലെ രണ്ട് ഗ്രാമങ്ങള്‍ പിടിച്ചെടുത്താണ് റഷ്യന്‍ സൈന്യം യുക്രെയ്‌നില്‍ മുന്നേറിയത്.
അമേരിക്ക- റഷ്യ എന്നീ ശീതസമര കാലഘട്ടങ്ങളില്‍ അമേരിക്കയുടെ നടപടി പ്രകീര്‍ത്തിച്ചും പാടിപ്പുകഴ്ത്തിയും യുഎസ് പ്രസിഡന്റിന് ഹീറോ പരിവേഷം നല്‍കിയും റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവനടക്കം പ്രതികരിച്ചത് ഈ സന്ദര്‍ഭത്തല്‍ മാത്രമാകും. അമേരിക്കയ്ക്ക് റഷ്യന്‍ പിന്തുണ കിട്ടിയ നയതന്ത്ര ലോകത്തെ ചുരുക്കം സന്ദര്‍ഭം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ വച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ നിര്‍ദാക്ഷണ്യം നേരിട്ടപ്പോള്‍ അമേരിക്കന്‍ ഭരണകൂട മാറ്റത്തിന് ശേഷം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്ന യുഎസ്- യുക്രെയ്ന്‍ നയതന്ത്ര സഖ്യത്തിന് വളരെ നാടകീയമായ വിള്ളല്‍ പരസ്യമായി തന്നെ നേരിട്ടു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ ഇടപെടല്‍ തന്ത്രപരമായ മുന്‍തൂക്കം യുക്രെയ്ന്‍ വിഷയത്തില്‍ നല്‍കി. ഇപ്പോള്‍ തോല്‍പ്പിയ്ക്കാമെന്ന് കരുതി തുടങ്ങിയ റഷ്യന്‍ അധിനിവേശം യുക്രെയ്നിന്റെ ചെറുത്തുനില്‍പ്പോടെ മൂന്ന് വര്‍ഷക്കാലത്തേക്ക് നീണ്ടതിന്റെ സമ്മര്‍ദ്ദമാണ് പുടിന് മേല്‍ നിന്ന് പയ്യേ പയ്യേ ഇറങ്ങി പോകുന്നത്. യുക്രെയ്‌ന് യുഎസ് സഹായം കുറയുന്നുവെന്നത് യുദ്ധ ഭൂമിയിലെ റഷ്യന്‍ സൈനികര്‍ക്ക് ആശ്വാസമാണ്.
സെലന്‍സ്‌കിയുടെ നന്ദിയില്ലായ്മയേയും ഭക്ഷണം കൊടുത്ത കൈയ്ക്ക് കടിച്ചവനെന്നുമെല്ലാമുള്ള റഷ്യന്‍ വിദേശകാര്യ മന്ത്രിയുടേയും സുരക്ഷാ കൗണ്‍സില്‍ തലവന്റേയുമെല്ലാം പ്രതികരണം ഒരു ആശ്വസത്തിന്റേത് കൂടിയാണ്. കാരണം റഷ്യന്‍ അധിനിവേശത്തിന്റെ തുടക്കം മുതല്‍ സാമ്പത്തികവും മാനുഷികവുമായ സഹായത്തോടൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്‌സ് യുക്രെയ്‌ന് 64 ബില്യണ്‍ യൂറോ സൈനിക സഹായമായി നല്‍കിയിട്ടുണ്ട്. ജര്‍മ്മന്‍ ഗവേഷണ സ്ഥാപനമായ കീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, 2022 മുതല്‍ 2024 അവസാനം വരെ, യുക്രെയിനിനുള്ള മൊത്തം യുഎസ് സഹായം 114.2 ബില്യണ്‍ യൂറോ അല്ലെങ്കില്‍ 119.8 ബില്യണ്‍ ഡോളര്‍ ആണ്. നാറ്റോ സഹായം അതായത് യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളും സംഭാവന ആകെ മൊത്തം 132.3 ബില്യണ്‍ യൂറോ മാത്രമാണ്.
ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ റഷ്യ വിഷയത്തിലെ യുഎസ് നിലപാട് തന്നെ അട്ടിമറിക്കപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളെ ഞെട്ടിച്ച് റഷ്യയും റഷ്യയുടെ സഖ്യവും പറഞ്ഞ നിര്‍ദേശങ്ങള്‍ക്കൊപ്പം ട്രംപിന്റെ അമേരിക്ക നിലപാട് മാറ്റിയത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്. യുഎസും ട്രംപും യൂറോപ്പുമായുള്ള ബന്ധം ഉലയ്ക്കുന്ന നിലപാടാണ് ഐക്യരാഷ്ട്ര സഭയില്‍ സ്വീകരിച്ചത്. പുടിന്റെ സമ്പൂര്‍ണ അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ യുക്രെയിനില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിനെതിരെ അമേരിക്ക വോട്ട് ചെയ്തു. റഷ്യയുടെ പിന്മാറ്റം ആവശ്യപ്പെട്ടുള്ള യുക്രെയ്ന്‍ മുന്നോട്ടുവച്ച പ്രമേയത്തെ 93 രാജ്യങ്ങള്‍ പിന്തുണയ്ക്കുകയും 18 പേര്‍ എതിര്‍ക്കുകയും 65 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. നടപടിയെ എതിര്‍ത്തവരില്‍ റഷ്യയും അതിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളായ ഉത്തര കൊറിയയും, സിറിയയും ഉള്‍പ്പെടുന്നു. പക്ഷേ ഏവരേയും ഞെട്ടിച്ചത് ട്രംപിന്റെ അമേരിക്കയാണ്. യുക്രെയ്നിന്റെ പരമാധികാരത്തിനായുള്ള ദീര്‍ഘകാല പിന്തുണയ്ക്കൊപ്പം യുഎസ് നിലകൊള്ളുമെന്ന് കരുതിയ പാശ്ചാത്യ നയതന്ത്രജ്ഞരെ ഞെട്ടിച്ച് റഷ്യന്‍ ചേരിയിലേക്ക് അമേരിക്ക ചേക്കേറി.
പുടിന്റെ നേതൃത്വ ശൈലിയിലും കേഡര്‍ രീതിയിലും വല്ലാണ്ടങ്ങ് ഭ്രമിച്ചുപോവുകയും ആ ഏകപക്ഷീയ രീതികളില്‍ പ്രശംസ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ട്രംപ് പുടിന്റെ നടപടിയെ എതിര്‍ക്കാന്‍ വിസമ്മതിച്ചു. യുക്രെയ്‌നില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കാനും യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദികളെന്ന് സമ്മതിക്കാനും റഷ്യന്‍ അധിനിവേശം മൂലമുണ്ടായ നാശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും പ്രമേയം ആവശ്യപ്പെട്ടപ്പോള്‍ പ്രസിഡന്റ് ട്രംപ് റഷ്യയ്ക്ക് മേല്‍ കുറ്റം ആരോപിക്കാന്‍ തയ്യാറല്ലായിരുന്നു. റഷ്യയുടെ ഭരണസിരാകേന്ദ്രമായ ക്രെംലിന്‍ കാലങ്ങളായി സെലെന്‍സ്‌കിയെ വിളിക്കുന്ന കഴിവുകെട്ടവനും ശ്രദ്ധയില്ലാത്തവനും എന്ന പേരും അയാളുടെ കഴിവില്ലായ്മയാല്‍ തന്നെ നാറ്റോ പിന്തുണക്കാരെ അയാള്‍ അകറ്റുമെന്നുള്ള മുന്നറിയിപ്പും ട്രംപ് വിഷയത്തിലൂടെ ശക്തമായതാണ് റഷ്യയെ സന്തോഷിപ്പിക്കുന്നത്.
ഫ്രാന്‍സ്, യുകെ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ യുക്രൈനിലേക്ക് സൈന്യത്തെ അയക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും യുഎസിന്റെ നയമാറ്റം യുക്രയ്‌നെ പേടിപ്പിക്കുന്നുണ്ട്. യുക്രെയ്‌നിലെ ഏതെങ്കിലും തരത്തിലുള്ള ‘നാറ്റോ’ സാന്നിധ്യം പ്രകോപനമായി കണക്കാക്കുമെന്ന് മോസ്‌കോ മുന്നറിയിപ്പ് നല്‍കിയതോടെ യുക്രെയ്ന്‍ കൂടുതല്‍ പരുങ്ങലിലായി. ക്രെംലിന്‍ വൈറ്റ് ഹൗസ് അടി ഒരു പ്രചരണ അട്ടിമറിയായാണ് കരുതുന്നത്. റഷ്യന്‍ ഉദ്യോഗസ്ഥരും സ്റ്റേറ്റ് മീഡിയയും ഈ അവസരം യുക്രെയ്‌നെ ലോകത്തിന് മുന്നില്‍ പരിഹസിക്കാന്‍ ഉപയോഗിക്കുകയാണ്. യുക്രെയ്‌നിലെ ‘മരണം അവസാനിപ്പിക്കാന്‍’ താന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും അതൊന്നും പുടിന് മുമ്പില്‍ വലിയ കാര്യമല്ല. യുദ്ധത്തിന്റെ ‘മൂലകാരണമായി’ അന്ന് പറഞ്ഞതെന്തോ അവിടെ തന്നെയാണ് പുടിന്‍ ഇന്നും. യുക്രെയ്‌നിന്റെ നിഷ്പക്ഷത, ദുര്‍ബലമായ സൈന്യം, നാറ്റോയുടെ വിപുലീകരണ പരിമിതപ്പെടുത്തുക എന്ന ആവശ്യങ്ങളില്‍ നിന്ന് പുടിന്‍ അണുവിട വ്യതിചലിച്ചിട്ടില്ല. യുക്രെയ്‌നിന്റെ 20 ശതമാനം പ്രദേശം റഷ്യ കയ്യടക്കിയിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ച് യുക്രെയ്ന്‍ റഷ്യ പിടിച്ചടക്കിയ സ്ഥലങ്ങളെല്ലാം വിട്ടുകൊടുത്ത് പരാജയം അംഗീകരിക്കണമെന്നതാണ് പുടിന്റെ നിലപാട്. 1991ലെ അതിര്‍ത്തി പുനഃസ്ഥാപിക്കണമെന്നാണ് സെലന്‍സ്‌കിയുടെ ആവശ്യം. യുക്രെയ്ന്‍ പിടിച്ചടക്കിയ റഷ്യയുടെ കുര്‍സ്‌ക് മേഖല വിട്ടുതരാം പകരം എന്നതാണ് യുക്രെയ്ന്‍ മുന്നോട്ട് വെയ്ക്കുന്ന നയം. പുടിന്‍ ഇത് തള്ളുകയും ചെയ്തു.
എന്തായാലും യൂറോപ്യന്‍ യൂണിയന്‍ ട്രംപിന്റെ അമേരിക്കയോട് യുക്രെയ്ന്‍ വിഷയത്തില്‍ ഇടഞ്ഞുകഴിഞ്ഞു. പാശ്ചാത്യ ലോകത്തെ ഐക്യം സെലന്‍സ്‌കിയുടെ പരസ്യ അപമാനത്തിലോട് ഇല്ലാതായെന്നത് റഷ്യയ്ക്ക് ജയഭേരി തന്നെയാണ്. ട്രംപിന്റെ നിലപാട് യുഎസ് – യൂറോപ്യന്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് റഷ്യയുടെ ആഗ്രഹപൂര്‍ത്തികരണങ്ങളില്‍ ഒന്നായി കഴിഞ്ഞിരിക്കുന്നു.