ചാമ്പ്യൻസ് ട്രോഫി 2025: ദുബായിൽ കളം നിറഞ്ഞ് കിവീസിന്റെ പുലിക്കുട്ടികൾ, കളി മറന്ന് ഇന്ത്യ; മാനം രക്ഷിച്ചത് ശ്രേയസും അക്സറും ഹാർദിക്കും

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ ന്യുസിലാൻഡിന് 250 റൺസ് വിജയലക്ഷ്യം. ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് നേടി. ന്യുസിലാൻഡ് ബോളർമാരുടെയും ഫീൽഡർമാരുടെയും സംഹാര താണ്ഡവത്തിനാണ് ഇന്ത്യ ഇരയായത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ന്യുസിലാൻഡ് പവർ പ്ലെയിൽ തന്നെ ഇന്ത്യയുടെ മൂന്ന് പ്രധാന വിക്കറ്റുകൾ സ്വന്തമാക്കുക ആയിരുന്നു.

അതിന് ശേഷം ടീമിനെ ഭേദപ്പെട്ട നിലയിലേക്ക് കൊണ്ട് വന്നത് ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ സഖ്യമാണ്. ശ്രേയസ് 79 റൺസും അക്‌സർ 42 റൺസും നേടി. അവസാന ഓവറുകളിൽ കത്തികയറിയ ഹാർദിക്‌ പാണ്ട്യ ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്താൻ സഹായിച്ചു. താരം 45 റൺസ് നേടി. കെ എൽ രാഹുൽ (23) ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. രവീന്ദ്ര ജഡേജ (16) വിരാട് കോഹ്ലി (11), രോഹിത് ശർമ്മ (15), ശുഭ്മാൻ ഗിൽ (2) എന്നിവർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

ന്യുസിലാൻഡിന് വേണ്ടി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റുകളും, കൈൽ ജാമിസൻ, വിൽ റൂർക്ക്, മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. ന്യുസിലാൻഡ് ഫീൽഡർമാർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഒറ്റ കൈ കൊണ്ടുള്ള ക്യാച്ചുകളുമായി കെയ്ൻ വില്യംസണും ഗ്ലെൻ ഫിലിപ്സും തിളങ്ങിയപ്പോൾ ആ ഇന്ത്യൻ ആരാധകർ പോലും കൈയടി നൽകിയ കാഴ്ചയും കാണാൻ സാധിച്ചു.