കോട്ടയത്തെ തോല്‍വിക്ക് ആക്കം കൂട്ടിയത് മുഖ്യമന്ത്രിയുടെ നിലപാട്; പിണറായിയുടെ പരസ്യ ശകാരം വോട്ടുകള്‍ തെറിപ്പിച്ചു; പൊട്ടിത്തെറിച്ച് ചാഴികാടന്‍

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യമന്ത്രിയുടെ നിലപാടും കാരണമായെന്ന് ഇടത് മുന്നണിയുടെ കോട്ടയത്തെ സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍. കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ചാഴികാടന്റെ വിമര്‍ശനം.

മണ്ഡലത്തിലെ സിപിഎം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ തനിക്കു ലഭിക്കാതെ പോയതിനെ കുറിച്ച് അന്വേഷിക്കണമെന്നും തോമസ് ചാഴികാടന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

കോട്ടയത്തെ തോല്‍വിക്ക് ആക്കം കൂട്ടിയത് മുഖ്യമന്ത്രിയുടെ നിലപാടുകള്‍ കൂടിയാണ്. പാലായില്‍ വച്ച് നടന്ന നവകേരളാ സദസില്‍ തന്നെ പരസ്യമായി ശകാരിച്ചതും തോല്‍വിക്ക് കാരണമായെന്ന് ചാഴികാടന്‍ ആരോപിച്ചു. കനത്ത തോല്‍വി നേരിട്ട സ്ഥിതിക്ക് ഇനി താന്‍ എന്തിന് ഇതൊക്കെ മറച്ചു വയ്ക്കണം എന്നാണ് ചാഴികാടന്‍ യോഗത്തില്‍ ചോദിച്ചത്.

നേരത്തെ എല്‍ഡിഎഫിന് സംസ്ഥാനത്തുണ്ടായ വലിയ തിരിച്ചടിയെക്കുറിച്ച് സിപിഎമ്മിനുള്ളില്‍ തന്നെ വിമര്‍ശന സ്വരം ഉയര്‍ന്നിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയിലടക്കം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതും വലിയ ചര്‍ച്ചയായി. സിപിഐയുടെ പല ജില്ലാ കൗണ്‍സിലുകളിലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയന്‍ മാറണമെന്ന ആവശ്യം ഉയര്‍ന്നു.