സിറോ മലബാര്‍ സഭാ വിവാദം വഴിത്തിരിവില്‍, കര്‍ദ്ദിനാളിനും ബിഷപ്പുമാര്‍ക്കും സ്വകാര്യസ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന രേഖ കൃത്രിമമല്ലെന്ന് ബിഷപ്പ് മനത്തോടത്ത്, വ്യാജരേഖക്കേസില്‍ ഫാ.ടോണി കല്ലൂക്കാരനെ പ്രതി ചേര്‍ത്തു

സിറോ മലബാര്‍ സഭ വ്യാജരേഖക്കേസില്‍ ഫാദര്‍ ടോണി കല്ലൂക്കാരനെ പ്രതി ചേര്‍ത്ത് പൊലീസ്. ഫാദര്‍ പോള്‍ തേലക്കാടും ഫാദര്‍ ടോണി കല്ലൂക്കാരനും ഗൂഢാലോചന നടത്തി മൂന്നാം പ്രതി ആദിത്യനെ കൊണ്ട് രേഖയുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. ആദിത്യന്റെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഗൂഢാലോചന ചൂണ്ടിക്കാട്ടുന്നത്.

ആദിത്യനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും  താന്‍ ക്രൂരമര്‍ദ്ദനത്തിനിരയായെന്ന മൊഴിയെ തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആദിത്യന്റെ കാലിലെ നഖം പോലീസ് ആയുധം ഉപയോഗിച്ചു പിഴുതെടുത്തെന്നും ഇനി പോലീസിന്റെ കസ്റ്റഡിയില്‍ വിടരുതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഇന്നലെ പത്രസമ്മേളനം നടത്തിയിരുന്നു.  കര്‍ദ്ദിനാളിനും ബിഷപ്പുമാര്‍ക്കും സ്വകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന് പറയുന്ന രേഖകള്‍ വ്യാജമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ, നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍ മുരിങ്ങൂര്‍ സാന്‍ റോസ് നഗര്‍ പള്ളി വികാരി ഫാദര്‍ ടോണി കല്ലൂക്കാരന്‍റെ
നിര്‍ദ്ദേശ പ്രകാരം എറണാകുളം കോതുരുത്ത് സ്വദേശി ആദിത്യന്‍ വ്യാജമായി നിര്‍മ്മിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ഇതിനെതിരെ സഭ ഒറ്റക്കെട്ടായി പരസ്യമായി പത്രസമ്മേളനത്തിലൂടെ പ്രതികരിച്ചതോടെ ആലഞ്ചേരിക്കേസ് വഴിത്തിരിവിലായിരിക്കുകയാണ്. ഭൂമിയിടപാടിനെക്കാളും വലിയ സ്വകാര്യ നിക്ഷേപ ഇടപാടും വരുംദിനങ്ങളില്‍ സഭയെ ശ്വാസം മുട്ടിക്കും. എന്തിനാണ് സഭാ മേലധ്യക്ഷന്മാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപമെന്ന ചോദ്യത്തിനും സഭ ഉത്തരം പറയേണ്ടി വരും. വമ്പന്‍ സ്വകാര്യസ്ഥാപനത്തിലെ വന്‍നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്രിമല്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് പറയുന്നു. സ്വകാര്യ സ്ഥാപനത്തിലെ സെര്‍വറിലെ സ്‌ക്രീന്‍ ഷോട്ട് കൃത്രിമമല്ല. എന്നാല്‍ കര്‍ദ്ദിനാളിനും ബിഷപ്പുമാര്‍ക്കും നിക്ഷേപമുണ്ടെന്ന് പറയുന്ന രേഖയിലെ വസ്തുതകളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറയുന്നു.

Read more

രേഖ സംബന്ധിച്ച കേസില്‍ തിരക്കഥ തയ്യാറാക്കിയാണ് പൊലീസ് അന്വേഷണമെന്ന് വൈദികസമിതി അംഗങ്ങള്‍ ഇന്നലെ തുറന്നടിച്ചിരുന്നു. അതുകൊണ്ടാണ് സിബി ഐ തന്നെ കേസ് ഏറ്റെടുക്കണമെന്ന് സഭ പറയുന്നത്. രേഖ വ്യാജമാണെന്ന് പറഞ്ഞ് ഭൂമി ഇടപാട് കേസ് അട്ടിമറിക്കാന്‍ ശ്രമമെന്നും വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടന്‍ ആരോപിച്ചു.