സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന് . കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആലഞ്ചേരി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത് . ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ഇതിനകം ഏഴ് കേസുകളാണ് കര്‍ദിനാളിനെതിരെയുള്ളത്.

ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകള്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

കര്‍ദിനാളിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമിയാണ് വിറ്റതെന്ന ആരോപണം അന്വേഷണത്തില്‍ കണ്ടെത്തി. നിയമ വിരുദ്ധമായി ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല.