'അധ്യാപികയെ കൊലക്ക് കൊടുത്തത് താമരശ്ശേരി രൂപത'; അലീന ബെന്നിയുടെ ആത്മഹത്യയിൽ ആരോപണങ്ങൾ ശക്തമാകുന്നു

കോഴിക്കോട് എയ്ഡഡ് സ്‌കൂള്‍ അധ്യാപിക അലീന ബെന്നിയുടെ മരണത്തിൽ താമരശ്ശേരി രൂപതക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്നു. അധ്യാപികയെ കൊലക്ക് കൊടുത്തത് താമരശ്ശേരി രൂപതയാണെന്നാണ് ആരോപണം ഉയരുന്നത്. കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധ്യാപികയാണ് അലീന. ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിച്ചത്.

അഞ്ച് വര്‍ഷമായി അലീന താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍പി സ്‌കൂളിലാണ് ജോലി അലീന ബെന്നി ജോലി ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലായിരുന്നു അലീന ജോലി ചെയ്തിരുന്നത്. ആറുവര്‍ഷം മുന്‍പ് ജോലിക്ക് കയറുമ്പോൾ 13 ലക്ഷം രൂപ അലീന താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജുമെന്റിന് നല്‍കിയിരുന്നു. രണ്ട് സ്‌കൂളുകളിലും സ്ഥിര നിയമനം നല്‍കുമെന്ന് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതൊന്നും നടന്നില്ല. സ്‌കൂള്‍ മാറ്റ സമയത്ത് ശമ്പളം വേണ്ടെന്ന് മാനേജ്‌മെന്റ് എഴുതി വാങ്ങിയിരുന്നു. സ്‌കൂളിലെ അധ്യാപകര്‍ തങ്ങളുടെ വേതനത്തില്‍ നിന്ന് പിരിച്ചെടുത്ത പണമാണ് യാത്രാക്കൂലിക്കായി അലീനയ്ക്ക് നല്‍കിയിരുന്നത്. കൊടിയ ചൂഷണമാണ് അധ്യാപിക നേരിട്ടതെന്ന് അലീനയുടെ കുടുംബം ആരോപിക്കുന്നു.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ താമരശ്ശേരി രൂപതക്കെതിരെ കടുത്ത ജനരോക്ഷമാണ് ഉയരുന്നത്. ഈ അധ്യാപികയിൽ നിന്നും പതിമൂന്ന് ലക്ഷം രൂപ വാങ്ങി അവരെ ജോലിയിൽ പ്രവേശിപ്പിച്ചത് ആഗോള കത്തോലിക്കാ സഭയുടെ കീഴിലുള്ള താമരശ്ശേരി രൂപതയാണ്. ആറ് വർഷങ്ങളായി പ്രതിദിനം ഇരുപത്തിയഞ്ച് കിലോമീറ്ററുകൾ സഞ്ചരിച്ച് അവർ ശമ്പളമില്ലാതെ സഭയുടെ സ്കൂളുകളിൽ പഠിപ്പിക്കുകയായിരുന്നു. നിസ്സഹായയായ ഒരധ്യാപികയെ തൊഴിൽ ചൂഷണം നടത്തി അവരുടെ കയ്യിൽ നിന്നും വലിയ തുക വാങ്ങി പറ്റിച്ചു.

കർഷകരുടെ സ്വയം പ്രഖ്യാപിത രക്ഷകരായി ചമഞ്ഞുകൊണ്ട് കടുവകളെയും ആനകളെയും കൊന്നൊടുക്കണമെന്നും പശ്ചിമഘട്ടം കൊത്തിനിരത്തി കപ്പ നടണമെന്നും പറയുന്ന രൂപത. മനുഷ്യന് ജീവിക്കാൻ ശമ്പളമാണ് വേണ്ടതെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും…. വിദ്യാഭ്യാസ കച്ചവടത്തിന്റെ മറവിൽ അലീനയെ കൊലക്ക് കൊടുത്തു. വിദ്യാധനം സർവ്വധനാൽ പ്രധാനം ആണെന്ന് വിദ്യാഭ്യാസ കച്ചവടക്കാരായ മാനേജ്മെന്റ്റ് മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാവും അവർ ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്നതും.

എയ്‌ഡഡ്‌ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാരാണ്. പിന്നെ എന്തിനാണ് മാനേജ്മെന്റ് ഇത്ര അധികം പണം വാങ്ങുന്നത്? ഒരിക്കൽ എയ്ഡ്സ് സ്കൂളിലെ വിദ്യാഭ്യാസ നയത്തിനെതിരെ രംഗത്തെത്തിയവരാണ് ഇടതുപക്ഷം. എന്നിട്ട് അവർ തന്നെ ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നു. എയ്‌ഡഡ്‌ വിദ്യാഭ്യാസ മേഖലയിലെ തൊഴിൽ ചൂഷണത്തിനും അഴിമതിക്കുമെതിരെ നടപടിയെടുക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിയില്ലെങ്കിൽ പിന്നെ ആർക്കാണ് കഴിയുക?

Read more