കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനെതിരെ വെള്ളിയാഴ്ച വരെ ഇഡി നടപടി പാടില്ലെന്ന് ഹൈക്കോടതി. ഇഡി നൽകിയ പുതിയ സമൻസിൽ കടുത്ത നടപടികൾ പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നുമാണ് ജസ്റ്റിസ് ടി.ആർ രവി നിർദേശിച്ചത്. ഇഡിയുടെ മറുപടിക്കായി ഹര്‍ജി മാറ്റി.
പുതിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജിയിലാണ് നടപടി. തിരഞ്ഞെടുപ്പ് കഴിയും വരെ സമൻസിന് സ്റ്റേ വേണമെന്നും ഒരു വർഷം മുൻപ് തന്നെ ഇഡി സമൻസ് കോടതി സ്റ്റേ ചെയ്തിരുന്നതായി തോമസ് ഐസക് വാദിച്ചു. എന്നാൽ സമൻസ് സ്റ്റേ അനുവദിക്കരുതെന്ന് ഇഡി കോടതിയെ അറിയിച്ചു. ഹർജിയിൽ ഇഡിയുടെ വിശദീകരണം തേടിയ കോടതി വെള്ളിയാഴ്ച വിശദമായ വാദം കേൾക്കാൻ കേസ് മാറ്റി.
ഏപ്രിൽ രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എട്ടാം തവണയാണ് ഇഡി നോട്ടീസ് അയക്കുന്നത്. കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശിച്ചിരുന്നത്. മസാലബോണ്ട് കേസിൽ ഫെമ ലംഘനം ചൂണ്ടികാട്ടിയാണ് ഇഡി തോമസ് ഐസകിന് നോട്ടീസ് അയച്ചത്. മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിൻ്റെ മൊഴി അനിവാര്യമാണെന്ന് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Read more
ഇഡി സമൻസ് ചോദ്യം ചെയ്ത് നേരത്തെയും തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. പാർലിമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ തന്നെ ബുദ്ധിമുട്ടിക്കാനാണ് ഇ ഡി നീക്കമെന്നും തോമസ് ഐസക് കോടതിയിൽ ചൂണ്ടിക്കാട്ടി.