സഭയില്‍ നന്ദിപ്രമേയ ചര്‍ച്ച ഇന്ന്, വിമര്‍ശനം കടുപ്പിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം

നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് രാവിലെ നിയമസഭയില്‍ ആരംഭിക്കും. മൂന്ന് ദിവസമാണ് ചര്‍ച്ച നടക്കുക. സഭയില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നയപ്രഖ്യാപനം പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാനും, വിമര്‍ശനങ്ങള്‍ കടുപ്പിക്കാനുമാണ് പ്രതിപക്ഷ നീക്കം.

സര്‍ക്കാരും ഗവര്‍ണറും ഒത്തുകളിക്കുകയാണ് എന്നാണ് പ്രതിപക്ഷ ആരോപണം. നയപ്രഖ്യാപനത്തിന് മുന്നോടിയായി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഉണ്ടായ പ്രശ്‌നങ്ങളും, ലോകായുക്ത ഭേദഗതിയും, സിലവര്‍ ലൈനും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കും. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും അതിക്രമങ്ങളും സഭയില്‍ ഉയര്‍ത്തും.

ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളും, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ അഴിമതിയും, കെ.എസ്.ഇ.ബി വിഷയവുമെല്ലാം ചൂണ്ടിക്കാട്ടി യു.ഡി.എഫ് ശക്തമായി പ്രതിഷേധിക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. സഭ ചേരുമ്പോഴും ഇക്കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നേക്കും.