ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാല്‍പത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് അവസാനമായി. ഇനി സ്ഥാനാര്‍ത്ഥികളുടെ നിശ്ശബ്ദ പ്രചാരണമാണ്. ചെണ്ടമേളവും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് കൊട്ടിക്കലാശം നടന്നത്. ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവൻ സീറ്റിലും ജയിക്കുമെന്ന് യുഡിഎഫ് പറയുന്നു. അതേസമയം പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപിയുടെ വാദം. എല്ലാ മൂന്നാണികളും ആവേശപ്പോരിലാണ്.
സ്ഥാനാര്‍ത്ഥികളുടെ കൂറ്റൻ ഫ്ലക്സുകള്‍ ക്രെയിനുകളില്‍ ഉയര്‍ത്തിയും മറ്റുമാണ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം നടത്തിയത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഒരു മണ്ഡലത്തിലെ ഒരെ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം തെരഞ്ഞെടുപ്പുകളിലെ കേരളത്തിലെ മാത്രം പ്രത്യേകതകളിലൊന്നാണ്.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും ക്രെയിനിലേറിയാണ് കൊട്ടിക്കലാശത്തിൽ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. വയനാട്ടില്‍ കെ സുരേന്ദ്രനും ക്രെയിനിലേറി. കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും ക്രെയിനിലേറി. ഇടുക്കിയില്‍ ജെസിബിയില്‍ കയറിയാണ് ഡീൻ കുര്യാക്കോസ് റോഡ് ഷോക്കെത്തിയത്. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും ക്രെയിനില്‍ കയറിയാണ് കൊട്ടിക്കലാശത്തിനെത്തിയത്.
അതേസമയം പലയിടത്തും സംഘർഷം ഉണ്ടായി. മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് വീണ്ടും സംഘര്‍ഷമുണ്ടായി. ചെങ്ങന്നൂരിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എംസി റോഡിൽ നിന്ന് കൊട്ടികലാശം ആഘോഷിച്ച പ്രവർത്തകാരെ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചതാണ് കാരണം.
നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി. എല്‍ഡിഎഫ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. എല്‍ഡിഎഫ് -യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും വാക്കേറ്റമുണ്ടായി. തൊടുപുഴയിൽ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. കൽപ്പറ്റയിൽ എൽഡിഎഫ് പ്രവർത്തകരും ഡിഎംകെ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിഎംകെ പ്രവർത്തകരുടെ കൊടികൾ വലിച്ചു കീറി. പൊലീസ് ഇടപെട്ട് ഡിഎംകെ പ്രവർത്തകരെ മടക്കി അയക്കുകയായിരുന്നു. ഡിഎംകെ പ്രവർത്തകർ യുഡിഎഫിന്റെ കലാശക്കൊട്ടിൽ പങ്കെടുത്തിരുന്നു. ഇവര്‍ എൽഡിഎഫ് റാലിക്കിടയിലേക്ക് വാഹനവുമായി എത്തിയതാണ് സംഘർഷത്തിന് കാരണമായത്.
Read more
ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. മറ്റന്നാള്‍ കേരളം വിധിയെഴുതും. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഏഴ് മുതൽ വൈകിട്ട് ആറ് വരെ വോട്ടെടുപ്പ് നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. അതേസമയം തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇത് ജനാധിപത്യത്തിന്‍റെ ഉത്സവമാണെന്നും എല്ലാ വോട്ടര്‍മാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും സഞ്ജയ് കൗള്‍ പറഞ്ഞു.