കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ കൊല്ലം അയത്തിലിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണു. ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് അപകടം. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
ഹൈവേ വികസനത്തിന്റെ ഭാഗമായി ചൂരാങ്കൽ പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന പാലമാണിത്. പാലത്തിൽ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ ആയിരുന്നു അപകടം. കോൺക്രീറ്റ് ജോലി ചെയ്തു കൊണ്ടിരുന്ന കുറച്ച് തൊഴിലാളികൾ അപകടം നടക്കുന്ന സമയത്ത് പാലത്തിന് മുകളിലുണ്ടായിരുന്നു. പാലം താഴേക്ക് വീഴുന്ന സമയത്ത് ഈ തൊഴിലാളികൾ ഓടിമാറിയത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്.
പാലത്തിന്റെ നടുഭാഗം താഴേയ്ക്ക് അമർന്നു പോകുന്ന അവസ്ഥയാണുണ്ടായത്. തകർന്നുവീണ പാലം അഴിച്ചുമാറ്റിയ അധികൃതർ തുടർനടപടികളിലേക്ക് കടന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ പാലം താഴേക്ക് അമർന്ന് തകർന്നു വീഴുന്നതാണ് കണ്ടതെന്ന് പ്രദേശവാസികളിലൊരാൾ വ്യക്തമാക്കി.