സമ്മർദ്ദത്തിന് വഴങ്ങി ഒപ്പിടേണ്ട ആളല്ല ചാൻസലർ; നീക്കം ദുരൂഹം, ​ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്നും കോടിയേരി

ഗവര്‍ണര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഒപ്പിടേണ്ട ആളല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മര്‍ദ്ദത്തിന് വഴങ്ങി ഉത്തവുകളില്‍ ഒപ്പിടേണ്ട ആളല്ല ചാന്‍സലര്‍, കാലടിയില്‍ ഒരു പേര് മതിയെന്ന് പറഞ്ഞത് ഗവര്‍ണറാണ്. ഇപ്പോള്‍ മാറ്റിപ്പറയുന്ന ഗവര്‍ണറുടെ നീക്കം ദുരൂഹമാണെന്നും കോടിയേരി പറഞ്ഞു.

വിസിമാരുടെ നിയമനം സംബന്ധിച്ച് ശിപാര്‍ശ സമര്‍പ്പിക്കുന്നത് സര്‍ക്കാരല്ല, സെർച്ച് കമ്മിറ്റിയാണ്. ഗവര്‍ണര്‍ തന്നെ അംഗീകരിച്ച സെര്‍ച്ച് കമ്മിറ്റിയാണ്. ഐകകണ്ഠ്യേനയാണ് സെര്‍ച്ച് കമ്മിറ്റി പേരു നല്‍കിയത്. പിന്നീട് അദ്ദേഹത്തിനു വന്നിട്ടുള്ള എന്തോ ഒരു പ്രശ്നമായിരിക്കാം. നമുക്ക് അറിയില്ല. ഗവര്‍ണര്‍ തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

Read more

അതേസമയം ഗവർണറുമായി ഏറ്റുമുട്ടാൻ സർക്കാരില്ലെന്നും കോടിയേരി പറഞ്ഞു. ഗവര്‍ണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ അവര് തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. ചാന്‍സലര്‍ പദവി ഗവണ്‍മെന്‍റ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഗവര്‍ണര്‍ തന്നെ തുടരണം എന്നാണ് നിലപാടെന്നും കോടിയേരി പറഞ്ഞു.