പാലാ ഉപതിരഞ്ഞെടുപ്പിൽ നേരിട്ട തോൽവി യു.ഡി.എഫ് ഏറ്റുവാങ്ങിയതാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി. ജെ ജോസഫ്. ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ പാലായിൽ നിർത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ ചിഹ്നമില്ലാതെ മത്സരിച്ചാലും പാലായിൽ ജയിക്കുമെന്നായിരുന്നു യു.ഡി.എഫ് നേതൃത്വം പ്രതികരിച്ചതെന്നും പി. ജെ ജോസഫ് കുറ്റപ്പെടുത്തി.
പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ ചരിത്ര വിജയം നേടിയിരുന്നു. നീണ്ട 54 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.എം മാണിയുടെ വിയോഗത്തെ തുടർന്നായിരുന്നു പാലായിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. കേരള കോൺഗ്രസിലുണ്ടായിരുന്ന തമ്മിലടിയെ തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ജോസ് ടോമിന് രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ സാധിച്ചിരുന്നില്ല.
അതേസമയം ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ വീണ്ടും തർക്കം ആരംഭിച്ചിരിക്കുകയാണ്. ഇന്ന് നടക്കാനിരിക്കുന്ന കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനുള്ള പി.ജെ ജോസഫിന്‍റെ നിർദ്ദേശം ജോസ് .കെ. മാണി പക്ഷത്തുള്ള എം.എല്‍.എമാർ തള്ളിയിരിക്കുകയാണ്. വൈകിട്ട് ആറ് മണിക്ക് കോട്ടയത്താണ് പി.ജെ ജോസഫ് കേരള കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്. റോഷി അഗസ്റ്റിനും എന്‍.ജയരാജും യോഗത്തിൽ പങ്കെടുക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്.
Read more
നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനാണ് യോഗമെന്നും യോഗത്തില്‍ പങ്കെടുക്കണമെന്നും കാണിച്ച് പി.ജെ ജോസഫ് ഇരുവർക്കും കത്തും നല്‍കിയിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ഇരുവരും ജോസഫിന് മറുപടി നല്‍കുകയായിരുന്നു. ജോസ് .കെ. മാണിക്ക് മാത്രമാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിക്കാനുള്ള അധികാരം എന്ന് ജോസഫിന് നല്‍കിയ കത്തില്‍ ജയരാജും റോഷിയും അഭിപ്രായപ്പെട്ടു. നിയമസഭയിലെ തൽസ്ഥിതി തുടരാൻ സ്പീക്കറോട് ആവശ്യപ്പെടണമെന്നും ജോസഫിന് അയച്ച കത്തിൽ ഇവർ പറയുന്നു.