ലഹരിമരുന്ന് മാഫിയ പിടിമുറുക്കുന്നു, സർക്കാരിന് കണ്ട മട്ടില്ല; ആഭ്യന്തരവകുപ്പിന്റെ വീഴ്ചയെന്ന് ചെന്നിത്തല

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ ആഴത്തില്‍ പിടിമുറുക്കിരിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതക്കുറവാണ് ഇതിന് കാരണമെന്നും രമേശ് ചെന്നിത്തല. ഇതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ലഹരി പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നു പന്തലിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പൂവാറിലെ ദ്വീപ് റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി പാര്‍ട്ടി മഞ്ഞു മലയുടെ ഒരു അറ്റം മാത്രമാണ്. ഇക്കാര്യത്തിൽ പൊലീസും എക്സൈസും ഒത്തുകളിക്കുന്നതുകൊണ്ട് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കഴിയുന്നില്ല.

കൊച്ചിയില്‍ മോഡലുകളായ പെണ്‍കുട്ടികളുടെ ദാരുണ മരണം മയക്കുമരുന്നു സംഘത്തിന്റെ അഴിഞ്ഞാട്ടത്തിന്റെ മറ്റൊരു ദുരന്ത ഫലമാണ്. കൊച്ചിയില്‍ ചൂതാട്ട കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്. പലേടത്തും നിയമം നടപ്പാക്കേണ്ട പൊലീസ് മേധാവികള്‍ ഇത്തരം അധോലാക പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്നു എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വരുന്നു.

Read more

കഴിഞ്ഞ അഞ്ചരവര്‍ഷമായി കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് ഇത്. പൊലീസിനെ ക്രിമിനല്‍വത്ക്കരിക്കുകയും പാര്‍ശ്വവര്‍ത്തികളാക്കി മാറ്റുകയും ചെയ്തതിന്റെ പരിണിതഫലമാണിവ. നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ഇനിയെങ്കിലും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.