തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് വെളിപ്പെടുത്തൽ. സംഭവത്തിന് പിന്നാലെ പുറത്തുവരുന്ന വിവരങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ശിശുക്ഷേമ സമിതിയിൽ ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നും മുൻ ആയ പറയുന്നു.
പരാതി പറയുന്ന ആയമാർ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്‌നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും പേര് പറയാൻ ആഗ്രഹമില്ലാത്ത മുൻ ആയ പറയുന്നു. കേസിൽ ഇപ്പോൾ പ്രതികൾ ആയവർ മുൻപും കുറ്റം ചെയ്തവരാണ്. താത്കാലികമായി ഇവരെ മാറ്റിയാലും പുനർനിയമനം നടക്കുകയാണ് പതിവെന്നും മാസങ്ങൾക്ക് മുൻപ് വരെ ശിശുക്ഷേമ സമിതിയിൽ ജോലി ചെയ്ത ആയ പറഞ്ഞു.
അച്ഛനും അമ്മയും മരിച്ച കുഞ്ഞ് ഒന്നരയാഴ്ച മുൻപാണ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലെത്തുന്നത്. ഒപ്പം സഹോദരിയായ അഞ്ചുവയസുകാരിയുമുണ്ട്. കിടക്കയിൽ കുഞ്ഞ് സ്ഥിരമായി മൂത്രമൊഴിച്ചതാണ് ആയയെ പ്രകോപിപ്പിച്ചത്. കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയിലാണ് ആയമാർ പലയിടത്തും വെച്ച് സംഭവത്തെ കുറിച്ച് സംസാരിച്ചത്. കുട്ടിയെ ഉപദ്രവിച്ചെന്ന് വ്യക്തമായിട്ടും അത് കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോർട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല.
ഒരാഴ്ചയോളം വിവരം ഇവർ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാൻ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികൾ അനങ്ങിയില്ല. ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയയാണ് കുളിപ്പിക്കുമ്പോൾ കുട്ടി നിലവിളിക്കുന്നത് ശ്രദ്ധിച്ചതാണ് നിർണായകമായത്. സ്വകാര്യ ഭാഗത്തെ മുറിവുകൾ അടക്കം അധികൃതരോട് റിപ്പോർട്ട് ചെയ്യുന്നതും ഈ ആയയാണ്.
പിൻഭാഗത്തും കൈക്കും സ്വകാര്യഭാഗത്തും മുറിവുകളോടെയാണ് തൈക്കാട് സർക്കാർ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി കൊണ്ടുപോയത്. അജിത കുട്ടിയുടെ സ്വകാര്യഭാഗത്ത് നഖംകൊണ്ട് മുറിവേല്പിക്കുകയായിരുന്നു. ശനിയാഴ്ച കുട്ടികളെ നോക്കാനെത്തിയ ഡോക്ടർമാരോട് രണ്ടര വയസുകാരിയുടെ മുറിവ് പരിശോധിക്കാൻ സമിതി അധികൃതർ ആവശ്യപ്പെട്ടു. മുതിർന്നവരുടെ നഖം കൊണ്ടുള്ള പാടുകളാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
തുടർന്ന് പോലീസിലും ജില്ലാ ബാലക്ഷേമ സമിതിയിലും വിവരമറിയിക്കുകയായിരുന്നു. ശരീരത്തിലെ മുറിവ് ശ്രദ്ധയിൽപ്പെട്ടിട്ടും മറ്റു രണ്ടുപേർ മറച്ചുവെച്ചുവെന്നാണ് കേസ്. സംഭവത്തിൽ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടിയെ ഉപദ്രവിച്ച വിവരം കുറ്റസമ്മത മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കൈകൊണ്ട് അടിച്ചതിന് നേരത്തെയും ഇതേ പ്രതികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെങ്കിലും ഇടതുരാഷ്ട്രീയ ബന്ധമുള്ള മൂന്നുപേരെയും വീണ്ടും ജോലിയിലെടുക്കുകയായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
സർക്കാരിന് കീഴിലുള്ള സംരക്ഷണകേന്ദ്രത്തിലും ബാലികാസദനത്തിലുമായി 130 കുട്ടികളാണുള്ളത്. അഞ്ചുവയസു വരെയുള്ള 98 കുട്ടികളും 18-ന് താഴെ പ്രായമുള്ള 49 പെൺകുട്ടികളുമാണുള്ളത്. മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടികളും സമിതിയുടെ സംരക്ഷണയിലുണ്ട്. കുട്ടികളെ നോക്കുന്നതിനായി നൂറ്റിമുപ്പതോളം ജീവനക്കാരാണ് സമിതിയിലുള്ളത്. 103 പേർ ആയമാരാണ്. ഇവരെല്ലാം താത്‌കാലിക ജീവനക്കാരും.