മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിക്ക് ചെലവേറും, തുക മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവഴിക്കാവുന്ന തുക വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍. ഈയിനത്തില്‍ മുക്കാല്‍ ലക്ഷം വരെ ഇനി ചെലവഴിക്കാാനുള്ള അനുമതി ലഭിച്ചു.

2015ലെ സര്‍ക്കാര്‍ തീരുമാന പ്രകാരം മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് 25000 രൂപയും മറ്റുളളവയ്ക്ക് 10000 രൂപയും ചെലവഴിക്കാനായിരുന്നു നിര്‍ദേശം.

എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങള്‍, വാടക കെട്ടിടങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് 75,000 രൂപ വരെ ചെലവഴിക്കാം. കൂടാതെ മറ്റിടങ്ങളിലെ പരിപാടികള്‍ക്ക് 50000 രൂപയും മറ്റ് ചടങ്ങുകള്‍ക്ക് 25000 രൂപയും വരെ ചെലവിടാം.

ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്നതിനിടെയാണ് തുക വര്‍ധിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്. മൂന്നിരട്ടിയാണ് തുകയാണ് ചെലവിനത്തില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.