മയിലിനെ വെടിവച്ച് കൊന്ന് പാചകം ചെയ്ത സംഭവം; പാലക്കാട് സഹോദരങ്ങള്‍ അറസ്റ്റില്‍

പാലക്കാട് മയിലിനെ വെടിവച്ച് കൊന്ന് പാചകം ചെയ്ത് കഴിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടംപൊട്ടി സ്വദേശികളായ രാജേഷ്, രമേഷ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. മയിലിനെ വെടിവച്ച് കൊന്ന് പാചകം ചെയ്ത് കഴിക്കുകയും ഇറച്ചി സൂക്ഷിക്കുകയും ചെയ്തതായാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ വീട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പാലക്കാട് ഫ്‌ലൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, പാലക്കയം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read more

അതേസമയം പ്രതികളുടെ വീട്ടില്‍ നിന്ന് പാചകം ചെയ്ത നിലയിലുള്ള മയിലിറച്ചി കണ്ടെത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒളിവിലായിരുന്ന പ്രതികള്‍ ചൊവ്വാഴ്ച മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.