'ഇടത് സർക്കാർ മുതലാളിയെ പോലെ പെരുമാറുന്നു, സമരം തീർക്കാതിരിക്കുന്നത് ദുരഭിമാനത്തിൻ്റെയും മർക്കട മുഷ്‌ടിയുടെയും പ്രശ്നം'; ആശാസമരത്തിൽ സർക്കാരിനെ വിമർശിച്ച് സാറാ ജോസഫ്

ആശാസമരത്തിൽ സർക്കാരിനെ വിമർശിച്ച് എഴുത്തുകാരി സാറാ ജോസഫ്. ഇടത് സർക്കാർ മുതലാളിയെ പോലെ പെരുമാറുന്നുവെന്ന് സാറാ ജോസഫ് കുറ്റപ്പെടുത്തി. മുതലാളിയുടെ ലക്ഷ്യം തൊഴിലാളികളെ ചൂഷണം ചെയ്യലാണെന്നും ഇടതു സർക്കാരിന്റെ മുന്നിൽ സമരം ചെയ്യുന്ന തൊഴിലാളി വർഗം സ്ത്രീകളാണെന്നും സാറാ ജോസഫ് വിമർശിച്ചു.

സമരം തീർക്കാതിരിക്കുന്നത് ദുരഭിമാനത്തിൻ്റെയും മർക്കട മുഷ്‌ടിയുടെയും പ്രശ്‌നമാണെന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു. ആശാ സമരത്തിൻ്റെ ആദ്യഘട്ടം മുതൽ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ സാറാ ജോസഫ് സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചിരുന്നു. സമരത്തിനെതിരെ നേതാക്കൾ നടത്തിയ പ്രസ്‌താവനകൾക്കെതിരെയും സാറാ ജോസഫ് പ്രതികരിച്ചിരുന്നു.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ പ്രവർത്തകർ സമരം തുടങ്ങിയിട്ട് 62 ദിവസം പിന്നിടുകയാണ്. നിരാഹാര സമരം 24-ാം ദിവസവും തുടരുകയാണ്. സമരം സമവായത്തിലെത്തിലെത്താത്ത പശ്ചാത്തലത്തിൽ നാളെ സമരത്തിൻ്റെ അടുത്തഘട്ടം പ്രഖ്യാപിക്കാൻ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.