ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

മികച്ച ഉന്നത വിദ്യാഭ്യാസം നേടി പ്രശസ്തമായ സ്ഥാപനങ്ങളില്‍ മക്കള്‍ തൊഴില്‍ നേടണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടാകുമോ? എന്നാല്‍ അത്തരത്തില്‍ ആഗോള തലത്തില്‍ തന്നെ നാലാം സ്ഥാനത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലി നേടിയതിന് പിന്നാലെ മകളെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വികാര നിര്‍ഭരമായ കത്താണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

ഏര്‍ണസ്റ്റ് ആന്റ് യംഗ് എന്ന ഇവൈയില്‍ ജോലി നേടിയതിന് പിന്നാലെ കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരണത്തിലേക്ക് കാല്‍ വഴുതി വീണ കൊച്ചി സ്വദേശിനിയായ അന്ന സെബാസ്റ്റ്യന്‍ പേരയില്‍ എന്ന പെണ്‍കുട്ടിയുടെ മാതാവിന്റെ കത്താണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.

കമ്പനി ചെയര്‍മാന്‍ രാജീവ് മെമാനിക്ക് അന്ന സെബാസ്റ്റ്യന്റെ മാതാവ് അനിത അഗസ്റ്റിന്‍ മകള്‍ അനുഭവിച്ചിരുന്ന മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് തുറന്നെഴുതിയ കത്താണ് ചര്‍ച്ചയാകുന്നത്. മാനസികമായി തകര്‍ന്നിരിക്കുന്ന തങ്ങള്‍ ഈ കത്തെഴുതുന്നത് മറ്റൊരു കുടുംബത്തിനും തങ്ങളുടെ അവസ്ഥ ഉണ്ടാകാതിരിക്കാനാണെന്ന് അനിത കത്തിന്റെ തുടക്കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം മലയാളത്തില്‍ ;

അന്ന സെബാസ്റ്റ്യന്‍ പേരയില്‍ എന്ന എന്റെ വിലപ്പെട്ട കുഞ്ഞിനെ നഷ്ടപ്പെട്ട വേദനിക്കുന്ന ഒരു അമ്മ എന്ന നിലയിലാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്.

ഈ വാക്കുകള്‍ എഴുതുമ്പോള്‍ എന്റെ ഹൃദയഭാരം വളരെ വലുതാണ്, എന്റെ ആത്മാവ് തന്നെ തകര്‍ന്നുതരിപ്പണമായിരിക്കുന്നു. പക്ഷേ ഈ വാക്കുകള്‍ എഴുതേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം ഞങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഈ വേദന മറ്റൊരു കുടുംബത്തിനും ഇനി ഉണ്ടാവരുത്. അതിന് ഞങ്ങളുടെ കഥ പങ്കിടേണ്ടത് ആവശ്യമാണ്

നവംബര്‍ 23-ന് സിഎ പരീക്ഷ പാസായ അന്ന, 2024 മാര്‍ച്ച് 19-ന് ഇവൈ പൂനെയില്‍ എക്‌സിക്യൂട്ടീവ് ആയി ജോലിക്ക് ചേര്‍ന്നു. അവള്‍ അവളുടെ ജീവിതത്തിന്റെ ഏറ്റവും സന്തോഷം നിറഞ്ഞ കാലത്തായിരുന്നു. സ്വപ്‌നങ്ങള്‍ നിറഞ്ഞ ഒരു ജീവതവും ഭാവിയിലേക്ക് നോക്കിയുള്ള പ്രതീക്ഷയുടെ ആവേശവും അവളുടെ ദൈനംദിന ജീവത്തില്‍ അതുവരെ നിറഞ്ഞു നിന്നുരുന്നു. ഇ വൈ ആയിരുന്നു അവളുടെ ആദ്യ ജോലി ഇടം, ഒപ്പം അത്തരമൊരു അഭിമാനകരമായ കമ്പനിയുടെ ഭാഗമാകുന്നതിന്റെ ത്രില്ലായിരുന്നു അവള്‍. എന്നാല്‍ നാല് മാസങ്ങള്‍ക്ക് ശേഷം, 2024 ജൂലൈ 20ന്, അന്ന മരിച്ചു എന്ന എന്നെ തകര്‍ക്കുന്ന വാര്‍ത്തയാണ് ഞങ്ങളെ തേടിയെത്തിയത്. ഞങ്ങളുടെ ലോകം തകര്‍ക്കുന്ന വാര്‍ത്ത. അവള്‍ക്ക് സ്വയം അവസാനിപ്പിക്കുമ്പോള്‍ 20 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.

അന്ന എപ്പോഴും ഒരു പോരാളിയായിരുന്നു, കുട്ടിക്കാലം മുതല്‍ അവളുടെ അക്കാദമിക് വര്‍ഷങ്ങളിലെല്ലാം അവള്‍ ചെയ്തതിലെല്ലാംഅവള്‍ മികവ് പുലര്‍ത്തി. അവള്‍ ഒരു സ്‌കൂള്‍ ടോപ്പറും കോളേജ് ടോപ്പറും ആയിരുന്നു, പാഠ്യേതര വിഷയങ്ങളിലെല്ലാം മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥിനിയായിരുന്നു. അവളുടെ സിഎ പരീക്ഷകളില്‍ ഡിസ്റ്റിങ്ഷനോടെ മികച്ച വിജയം നേടി.

അവളുടെ എല്ലാം നല്‍കിക്കൊണ്ട് അവള്‍ ഇവൈയില്‍ വിശ്രമമില്ലാതെ ജോലി ചെയ്തു. അവളുടെ മേല്‍ നിക്ഷിപ്തമായ എല്ലാ ചുമതലകളും പ്രതീക്ഷക്കപ്പുറം നിറവേറ്റാന്‍ ശ്രമിച്ചു. എന്നിരുന്നാലും, ജോലിഭാരവും, പുതിയ അന്തരീക്ഷവും, നീണ്ട മണിക്കൂറുകളിലെ ജോലിയും
ശാരീരികമായും വൈകാരികമായും മാനസികമായും അവളെ ബാധിച്ചു. അവള്‍ ഉത്കണ്ഠ പ്രശ്‌നങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങി, ഉറക്കമില്ലായ്മ, ജോലിക്ക് ചേര്‍ന്ന ഉടനെയുള്ള അമിത സമ്മര്‍ദ്ദം എന്നിവ അവളെ തളര്‍ത്തി. പക്ഷേ ജോലിയും സ്ഥിരോത്സാഹവും വിജയത്തിന്റെ താക്കോലാണെന്ന് വിശ്വസിച്ച് അത് കഠിനമായി അവള്‍ സ്വയം മുന്നോട്ട് നീങ്ങാനുള്ള ശ്രമം നടത്തി.

ജൂലായ് 6 ശനിയാഴ്ച, അന്നയുടെ സിഎ കോണ്‍വൊക്കേഷനില്‍ പങ്കെടുക്കാന്‍ ഞാനും ഭര്‍ത്താവും പൂനെയിലെത്തി. രാത്രി വൈകി 1 മണിക്ക് പിജിയില്‍ എത്തിയപ്പോള്‍ നെഞ്ചില്‍ വല്ലാത്ത മുറുക്കം തോന്നുന്നതായി അവള്‍ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങള്‍ അവളെ പൂനെയിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവളുടെ ഇസിജി നോര്‍മല്‍ ആയിരുന്നു, ഒപ്പം ഹൃദ്രോഗ വിദഗ്ധന്‍ ഞങ്ങളുടെ ഭയം അകറ്റി പറഞ്ഞു അവള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെന്നും വളരെ വൈകി ഭക്ഷണം കഴിക്കുന്നുവെന്നതും ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നതാണെന്ന്.

അദ്ദേഹം ആന്റാസിഡുകള്‍ നിര്‍ദ്ദേശിച്ചു, ഇത് ഗുരുതരമായ കാര്യമല്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുനല്‍കി. ഞങ്ങള്‍ കൊച്ചിയില്‍ നിന്ന് എത്തിയതാണെങ്കിലും, ഞങ്ങളെ കണ്ടതിന് ശേഷവും ജോലിക്ക് പോകണമെന്ന് അവള്‍ നിര്‍ബന്ധം പിടിച്ചു. ഒരുപാട് ജോലികള്‍ ചെയ്യാനുണ്ടെന്നും അവള്‍ക്ക് ലീവ് കിട്ടില്ലെന്നും ഡോക്ടറെ കണ്ടതിന് ശേഷം പറഞ്ഞു. ആ രാത്രി, അവള്‍
വീണ്ടും വൈകി പിജിയിലേക്ക് തന്നെ മടങ്ങി. അവളുടെ കോണ്‍വൊക്കേഷന്‍ ദിവസമായ ജൂലൈ 7 ഞായറാഴ്ച, അവള്‍ ഞങ്ങളോടൊപ്പം രാവിലെ എത്തി. പക്ഷേ അവള്‍ അന്നും ഉച്ചവരെ വീട്ടില്‍ നിന്ന് ജോലി ചെയ്തു. ഞങ്ങള്‍ കോണ്‍വൊക്കേഷന്‍ വേദിയിലെത്തിയത് ഇതേ തുടര്‍ന്ന് വൈകി.

എന്റെ മകളുടെ വലിയ സ്വപ്നമായിരുന്നു അവളുടെ മാതാപിതാക്കളെ അവളുടെ കോണ്‍വൊക്കേഷനിലേക്ക് അവള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഉപയോഗിച്ച് കൊണ്ടുപോകുക എന്നത്. അവള്‍ ഞങ്ങളുടെ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തു ഞങ്ങളെ കൊണ്ടുപോയി. ഞങ്ങളുടെ കുട്ടിയുമായി ഞങ്ങള്‍ അവസാനമായി ചെലവഴിച്ച ആ രണ്ട് ദിവസങ്ങളില്‍ പോലും അവള്‍ക്ക് ജോലി സമ്മര്‍ദ്ദം കാരണം ഒന്നും ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്ന് നിങ്ങളോട് പറയുമ്പോള്‍ എന്റെ ഹൃദയം പൊട്ടിപ്പോകുന്നുണ്ട്.

അന്ന ഈ ടീമില്‍ ചേര്‍ന്നപ്പോള്‍ നിരവധി ജീവനക്കാര്‍ അമിതമായ ജോലിഭാരം കാരണം രാജിവച്ചതായി അവളോട് പറഞ്ഞിരുന്നു. അവളുടെ ടീം മാനേജര്‍ അവളോട് പറഞ്ഞത് ഇങ്ങനെയാണ്, ‘അന്നാ, നീ ഇവിടെ ഉറച്ചു നില്‍ക്കണം, ഞങ്ങളുടെ ടീമിനെക്കുറിച്ച് എല്ലാവരുടെയും അഭിപ്രായം മാറ്റണം.’ അവളുടെ ജീവിതം കൊണ്ട് അതിന് വില നല്‍കേണ്ടി വരുമെന്ന് എന്റെ കുട്ടിക്ക് അന്ന് മനസ്സിലായില്ല.

അവളുടെ മാനേജര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കനുസരിച്ച് മീറ്റിംഗുകള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യുകയും ദിവസാവസാനം അവള്‍ക്ക് പുതിയ അസൈന്‍മെന്റ് നല്‍കുകയും ചെയ്തത് അവളുടെ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു. ഒരു ഓഫീസ് പാര്‍ട്ടിയില്‍, ഒരു മുതിര്‍ന്ന മാനേജര്‍ അവളെ പരിഹസിച്ചത് തന്നെ അവളുടെ മാനേജരുടെ കീഴില്‍ ജോലി ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും എന്നു പറഞ്ഞായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ ക്രൂരയാഥാര്‍ത്ഥ്യത്തില്‍ നിന്ന് എന്റെ കുട്ടിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

അമിതമായ ജോലിഭാരത്തെക്കുറിച്ച് അന്ന ഞങ്ങളോട് തുറന്നുപറഞ്ഞു, പ്രത്യേകിച്ച് ഔദ്യോഗിക ജോലിക്ക് അപ്പുറം വാക്കാല്‍ ഏല്‍പ്പിച്ച അധിക ജോലികള്‍ മാനേജര്‍ ചട്ടം കെട്ടുന്നുണ്ടെന്നതടക്കം പറഞ്ഞിരുന്നു. അത്തരം ജോലികള്‍ ഏറ്റെടുക്കരുതെന്ന് ഞാന്‍ അവളോട് പറയും, പക്ഷേ മാനേജര്‍മാര്‍ നിഷ്‌കരുണം ആയിരുന്നു പെരുമാറിയിരുന്നത്. വാരാന്ത്യങ്ങളില്‍ പോലും അവള്‍ രാത്രി വൈകി ജോലി ചെയ്തു. ശ്വാസം പോലും വിടാനാകാതെ അധിക സമ്മര്‍ദ്ദത്തില്‍ പിടഞ്ഞു. അവളുടെ അസിസ്റ്റന്റ് മാനേജര്‍ ഒരിക്കല്‍ രാത്രിയില്‍ ഒരു ജോലിയുമായി അവളെ വിളിച്ചു പറഞ്ഞത് അടുത്ത രാവിലെ ഇത് പൂര്‍ത്തിയാക്കി നല്‍കണമെന്നാണ്.

അവള്‍ക്ക് വിശ്രമിക്കാനോ ഒന്ന് ഉറങ്ങാനോ പോലും സമയം നല്‍കാതെ അസൈന്‍മെന്റുകള്‍ നല്‍കി വീര്‍പ്പുമുട്ടിച്ചു. അവള്‍ എപ്പോഴോ അവളുടെ ആശങ്കകള്‍ പ്രകടിപ്പിച്ചപ്പോള്‍, നിഷേധാത്മകമായ പ്രതികരണമാണ് നേരിട്ടത്. ‘നിങ്ങള്‍ക്ക് രാത്രിയില്‍ ജോലി ചെയ്യാം, അതാണ്
നമ്മള്‍ എല്ലാവരും ചെയ്യുന്നത്’

തീര്‍ത്തും ക്ഷീണിതയായി അന്ന തന്റെ മുറിയിലേക്ക് മടങ്ങും. ചിലപ്പോള്‍ അവളുടെ വസ്ത്രങ്ങള്‍ പോലും മാറ്റാതെ കട്ടിലില്‍ വീണു ഉറങ്ങിപ്പോകും. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ കൊണ്ട് ഫോണ്‍ നിറയുമ്പോള്‍ ഉറക്കവും നഷ്ടപ്പെട്ടു.. അവളുടെ പരമാവധി ഓരോ റിപ്പോര്‍ട്ടിനുമായി പ്രയത്നങ്ങള്‍ നടത്തി, സമയപരിധി പാലിക്കാന്‍ കഠിനമായി പരിശ്രമിച്ചു. അവള്‍ ഒരു പോരാളിയായിരുന്നു, ഒരിക്കലും വിട്ടുകളയാനോ തളരാനോ തയ്യാറാവാത്ത പോരാളി. ഞങ്ങള്‍ അവളോട് ജോലി വിടാന്‍ പറഞ്ഞു, പക്ഷേ അവള്‍ പുതിയത് പഠിക്കാനും പുതിയത് നേടാനും ആഗ്രഹിച്ചു എന്നിരുന്നാലും, അമിതമായ സമ്മര്‍ദ്ദം അവള്‍ക്ക് താങ്ങാനാവാത്തതാണെന്ന് തെളിയിച്ചു.

അന്ന ഒരിക്കലും തന്റെ മാനേജര്‍മാരെ കുറ്റപ്പെടുത്തുമായിരുന്നില്ല. അവള്‍ വളരെ ദയയുള്ളവളായിരുന്നു. പക്ഷേ, എനിക്ക് നിശബ്ദയായി തുടരാന്‍ കഴിയില്ല. നവാഗതര്‍ക്ക് ഇത്തരം നട്ടെല്ലൊടിക്കുന്ന ജോലികള്‍ ചുമത്തുക, ഞായറാഴ്ചകളില്‍ പോലും വിടാതെ അവരെ രാവും പകലും ജോലി ചെയ്യിപ്പിക്കുക എന്നതിനൊന്നും ഒരു ന്യായീകരണവുമില്ല. അവള്‍ സ്വന്തം നാടും വീടും സ്‌നേഹിച്ചവരേയും വിട്ട് എത്തിയതായിരുന്നു. അവള്‍ക്ക് എല്ലാം പുതിയതായിരുന്നു – കമ്പനി, സ്ഥലം, ഭാഷ എല്ലാം. അവള്‍ അങ്ങനെ ജീവിതംക്രമീകരിക്കാന്‍ വളരെ കഠിനമായി പരിശ്രമിക്കുകയായിരുന്നു. പുതിയ ജീവനക്കാരോട് നിങ്ങള്‍ കുറച്ച് പരിഗണന കാണിക്കണം. പകരം,അവള്‍ പുതിയവളാണെന്ന വസ്തുത മാനേജ്‌മെന്റ് മുതലെടുക്കുകയും അസൈന്‍ ചെയ്തതും അല്ലാത്തതുമായ ജോലി കൊടുത്ത് അവളെ സമ്മര്‍ദ്ദത്തിന് കീഴടക്കുകയും ചെയ്യുകയല്ലായിരുന്നു ചെയ്യേണ്ടത്.

വ്യക്തിഗത മാനേജര്‍മാര്‍ക്കോ ടീമുകള്‍ക്കോ അപ്പുറമുള്ള വ്യവസ്ഥാപിത പ്രശ്‌നമാണിത്. വിട്ടുവീഴ്ചയില്ലാത്ത യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുള്ള ആവശ്യങ്ങളും സമ്മര്‍ദ്ദവും ഒന്നും ഒരു നേട്ടവുമുണ്ടാക്കുകയില്ല. അവയ്ക്ക് നല്‍കേണ്ടി വന്ന വില വളരെയധികം സാധ്യതകളുള്ള ഒരു യുവതിയുടെ ജീവിതം തന്നെയായിരുന്നു.

അന്ന ഒരു യുവ പ്രൊഫഷണലായിരുന്നു, അവളുടെ കരിയര്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. അവളുടെ സ്ഥാനത്തുള്ള പലരെയും പോലെ അവള്‍ക്ക് അതിരുകള്‍ വരയ്ക്കാനോ യുക്തിരഹിതമായ കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനോ ഉള്ള അനുഭവമോ പരിചയമോ ഉണ്ടായിരുന്നില്ല. എങ്ങനെ വേണ്ടെന്ന് പറയണമെന്ന് അവള്‍ക്കറിയില്ലായിരുന്നു. അവള്‍ പുതിയതായി എത്തിച്ചേര്‍ന്ന പരിതസ്ഥിതിയില്‍ സ്വയം തെളിയിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, അവള്‍ അവളുടെ പരിധിക്കപ്പുറത്തേക്ക് അവളെ ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചു. അതോടെ ഇപ്പോള്‍ അവള്‍ ഞങ്ങളോടൊപ്പം ഇല്ലാത്ത അവസ്ഥയായി.

അവളുടെ ആരോഗ്യവും ക്ഷേമവും മാത്രമാണ് മറ്റെന്തിനെക്കാളും പ്രധാനമെന്ന് അവളോട് പറയാനും എനിക്ക് അവളെ സംരക്ഷിക്കാനും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു
പക്ഷെ വളരെ വൈകിപ്പോയിരിക്കുന്നു എന്റെ അന്ന.

രാജീവ്, ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ഇത് എഴുതുന്നതിന് കാരണം ഇവൈയുടെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ ഇവൈയ്ക്ക് അഗാധമായ ഉത്തരവാദിത്തമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നത് കൊണ്ടാണ്.

ജോലിയിലെ റോളുകള്‍ക്ക് പിന്നിലുള്ള മനുഷ്യരെ അവഗണിച്ചുകൊണ്ട് അമിത ജോലിയെ മഹത്വപ്പെടുത്തുന്നതായി തോന്നുന്ന ഒരു തൊഴില്‍ സംസ്‌കാരത്തിലേക്ക് അന്നയുടെ അനുഭവം വെളിച്ചം വീശുന്നുണ്ട്. ഇത് എന്റെ മകളുടെ കാര്യത്തില്‍ മാത്രമല്ല, പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞു കൊണ്ട് ഇവൈയില്‍ ചേരുന്ന ഓരോ യുവ പ്രൊഫഷണലിനെ കുറിച്ചും ഉള്ള ആശങ്കയാണ്. അയഥാര്‍ത്ഥമായ പ്രതീക്ഷകളുടെ ഭാരത്തില്‍ തകര്‍ന്നു വീഴാന്‍ മാത്രം വിധിക്കപ്പെടുന്ന യുവത്വത്തെ കുറിച്ചാണ്. ഇവൈയുടെ നിങ്ങളുടെ ഒപ്പ് ഉള്‍ക്കൊള്ളുന്ന മനുഷ്യാവകാശ പ്രസ്താവനകള്‍ ഞാന്‍ സമയമെടുത്തു വായിച്ചു. അതില്‍ പറഞ്ഞിരിക്കുന്ന മൂല്യങ്ങളുമായി എന്റെ മകള്‍ നേരിട്ട യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നുപോകുന്നില്ല നിങ്ങളുടെ
ആ പ്രസ്താവന. ഇവൈയ്ക്ക് അതിന്റെ അവകാശപ്പെടുന്ന മൂല്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോ?

അന്നയുടെ മരണം ഇവൈയുടെ ഒരു ഉണര്‍വ് വിളിയായി മാറണം.നിങ്ങളുടെ സ്ഥാപനത്തിനുള്ളിലെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. നിങ്ങളുടെ ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നതിന് അര്‍ത്ഥവത്തായ നടപടികള്‍ കൈക്കൊള്ളുക. ഇതിനര്‍ത്ഥം ജീവനക്കാര്‍ക്ക് അവരുടെ ആശങ്കകള്‍ സംസാരിക്കാന്‍ സുരക്ഷിതമായി തോന്നുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നത് കൂടിയാണ്. അവരുടെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിനും അവരുടെ മാനസികവും ശാരീരികവുമായ ക്ഷേമം ഉല്‍പ്പാദന ക്ഷമതയ്ക്കുവേണ്ടി ബലിയര്‍പ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

അന്നയുടെ സംസ്‌കാരച്ചടങ്ങില്‍ ഇവൈയില്‍ നിന്ന് ആരും പങ്കെടുത്തില്ല. അവളുടെ അവസാന ശ്വാസം വരെ നിങ്ങളുടെ സ്ഥാപനത്തിന് എല്ലാം നല്‍കിയ ജീവനക്കാരിയുടെ നിര്‍ണായക നിമിഷത്തില്‍ ഈ അഭാവം, വളരെ വേദനാജനകമാണ്. അന്ന ഇതിലും
മികച്ചത് അര്‍ഹിക്കുന്നുണ്ടായിരുന്നു, അന്ന മാത്രമല്ല ഈ വ്യവസ്ഥകളില്‍ ജോലി തുടരുന്ന എല്ലാ ജീവനക്കാരും.

എന്റെ എന്റെ കുഞ്ഞിന്റെ നഷ്ടം മാത്രമല്ല, അവളെ നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടിയിരുന്നവര്‍ കാണിക്കുന്ന സഹാനുഭൂതിയുടെ അഭാവവും ഹൃദയത്തെ വേദനിപ്പിക്കുന്നു. അവളുടെ ശവസംസ്‌കാരത്തിന് ശേഷം, ഞാന്‍ അവളുടെ മാനേജര്‍മാരെ സമീപിച്ചു, പക്ഷേ മറുപടി ലഭിച്ചില്ല. മൂല്യങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്ന ഒരു കമ്പനിക്ക് എങ്ങനെ അവരുടെ ജീവനക്കാരില്‍ ഒരാളുടെ അവസാന നിമിഷങ്ങളില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോലുമുള്ള മനസുണ്ടാകാതിരിക്കുന്നു. എന്തൊരു പരാജയമാണത്.

ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകുന്നതില്‍ വര്‍ഷങ്ങളോളം അധ്വാനവും, കഷ്ടപ്പാടും, ത്യാഗവും ഉള്‍പ്പെടുന്നു- വിദ്യാര്‍ത്ഥി മാത്രമല്ല മാതാപിതാക്കളും. എന്റെ കുട്ടിയുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനം ഇവൈയുടെ നിര്‍ദ്ദയമായ മനോഭാവത്തിന്റെ നാല് മാസങ്ങള്‍ കൊണ്ട് വെറുതെയായി.

ഈ കത്ത് അര്‍ഹിക്കുന്ന ഗൗരവത്തോടെ നിങ്ങളിലേക്ക് എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തന്റെ കുഞ്ഞിനെ അന്ത്യവിശ്രമത്തിന് അയക്കുമ്പോഴുള്ള ഒരു അമ്മയുടെ വികാരങ്ങള്‍ മനസ്സിലാക്കുവാന്‍ ആര്‍ക്കെങ്കിലുംശരിക്കും കഴിയുമോ എന്ന് എനിക്കറിയില്ല. താന്‍ കൈകളില്‍ പിടിച്ചിരിക്കുന്ന കുട്ടി, വളരുന്നതും കളിക്കുന്നതും കരയുന്നതും സ്വപ്നങ്ങള്‍ പങ്കുവെക്കുന്നതും കണ്ടു ഒടുവില്‍ ചലനമറ്റ് കിടക്കുന്നത് കാണുമ്പോഴുള്ള വേദന അതേ വേദന അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് മനസിലാകുമോയെന്ന് എനിക്കറിയില്ല.

എന്റെ കുട്ടിയുടെ അനുഭവം യഥാര്‍ത്ഥ മാറ്റത്തിലേക്ക് നയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മറ്റൊരു കുടുംബത്തിനും ഈ ദുഃഖവും ഞങ്ങള്‍ കടന്നുപോകുന്ന മാനസിക ആഘാതവും ഇനി ഉണ്ടിവരുതെന്ന് ആശിച്ചാണ് ഈ കത്ത്. എന്റെ അന്ന ഇപ്പോള്‍ ഞങ്ങളോടൊപ്പമില്ല, പക്ഷേ അവളുടെ കഥയ്ക്ക് ഇപ്പോഴും ഒരു മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു.
വ്യത്യാസം.

ആത്മാര്‍ത്ഥതയോടെ,
അനിത അഗസ്റ്റിന്‍