മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കണം; ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്താന്‍ ഒരുങ്ങി സ്വകാര്യ ബസ് ഉടമകള്‍. മിനിമം ചാര്‍ജ് 12 രൂപയാക്കണം, ഈ മാസം 31നകം ചാര്‍ജ് വര്‍ധിപ്പിക്കണം എന്നുമാണ് ബസുടമകളുടെ ആവശ്യം. മൂന്നു ദിവസത്തിനുള്ളില്‍ സമരത്തിന്റെ തീയതി പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

നിലവില്‍ സ്വകാര്യ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്‌. നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. സംസ്ഥാന ബജറ്റിലും ബസുടമകളുടെ ആവശ്യങ്ങള്‍  പരിഗണിച്ചില്ല എന്നും അവർ ആരോപിക്കുന്നു.

വിദ്യാർത്ഥികളുടെ കണ്‍സെഷന്‍ നിരക്ക്  മിനിമം ചാർജിന്റെ പകുതിയായി വർധിപ്പിക്കണം എന്നും  ബസുടമകൾ ആവശ്യപ്പെട്ടു.

Read more

ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ നിരക്ക് ഉള്‍പ്പെടെ കൂട്ടണം എന്ന് ആവശ്യപ്പെട്ട് നേരത്തെയും ബസുടമകള്‍ സമരം പ്രഖ്യാപിച്ചരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു സമരം പിന്‍വലിച്ചത്.