IPL 2025: എന്താണ് വൈഭവ് സഞ്ജുവിനോട് പക വല്ലതും ഉണ്ടോ, വിക്കറ്റ് നേട്ടത്തിന് പിന്നാലെ കട്ട കലിപ്പൻ ആഘോഷം നടത്തി പേസർ; വീഡിയോ കാണാം

ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ 2025 ലെ ആറാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് (ആർആർ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആർ) ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയയപ്പോൾ സഞ്ജുവിന് കാര്യമായ സ്വാധീനം ചെലുത്താനായില്ല. ആദ്യ മത്സരത്തിൽ 66 റൺ നേടി തിളങ്ങിയ രാജസ്ഥാൻ ക്യാപ്റ്റൻ 11 പന്തിൽ 13 റൺസിന് പുറത്തായി.

പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം ആദ്യ മൂന്ന് മത്സരങ്ങളിൽ ഇമ്പാക്ട് താരമായി മാത്രം കളത്തിൽ ഇറങ്ങുമ്പോൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചത് തകർപ്പൻ ബാറ്റിംഗ് ആയിരുന്നെങ്കിൽ ആദ്യ മത്സരത്തിലെ താളം സഞ്ജുവിന് ഇന്ന് നിലനിർത്താനായില്ല.

ആർ.ആറിന്റെ ഇന്നിംഗ്‌സിന്റെ നാലാമത്തെ ഓവറിൽ കൊൽക്കത്തയുടെ വൈഭവ് അറോറ എറിഞ്ഞ പന്തിൽ ആക്രമിക്കാനുള്ള സഞ്ജുവിന്റെ തീരുമാനം പാളി. താരത്തിന്റെ മനോഹരമായ പന്ത് സഞ്ജുവിന്റെ കുറ്റി തെറിപ്പിക്കുമ്പോൾ രാജസ്ഥാൻ ആരാധകർ നിരാശരായി. വൈഭവ് ആകട്ടെ സഞ്ജുവിനോട് എന്തോ പക തീർത്ത മട്ടിൽ കലിപ്പൻ ആഘോഷമാണ് നടത്തിയത്. ഈ വീഡിയോ ഇപ്പോൾ വൈറലാണ്.

അതേസമയം സഞ്ജു ഉൾപ്പടെ ഉള്ള ബാറ്റർമാർ നിരാശപ്പെടുത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ കൊൽക്കത്തയ്ക്ക് മുന്നിൽ 152 റൺ ലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. 33 റൺ എടുത്ത ദ്രുവ് ജുറലാണ് രാജാസ്ഥന്റെ ടോപ് സ്‌കോറർ.