ചിട്ടി പിടിച്ചിട്ടും പണം ലഭിച്ചില്ല; മനംനൊന്ത് ആത്മഹത്യ; സഹകരണ സംഘത്തിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം

ചിട്ടിപ്പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി സഹകരണ സംഘത്തിന് മുന്നില്‍ ബിജെപി പ്രതിഷേധം. തിരുവനന്തപുരം ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന് മുന്നിലാണ് പ്രതിഷേധം. ചെമ്പഴന്തി സ്വദേശി ബിജുകുമാര്‍ ചിട്ടിപ്പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയതായാണ് നാട്ടുകാരുടെ ആരോപണം.

സഹകരണ സംഘം പ്രസിഡന്റിന്റെ പേര് ബിജുകുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണം. തന്റെ മരണത്തിന് ഉത്തരവാദി ജയകുമാറാണെന്ന് ബിജുകുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ബിജുകുമാര്‍ ചിട്ടി പിടിച്ച പണം തടഞ്ഞുവച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് നാട്ടുകാരുടെ പരാതി.

Read more

ബിജുകുമാറിന്റെ മരണത്തിന് ഉത്തരവാദിയായ സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മൃതദേഹവുമായി ബിജെപിയുടെ പ്രതിഷേധം. ആര്‍ഡിഒയും തഹസീല്‍ദാരും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതേസമയം പണം ലഭിക്കാനുള്ള കൂടുതല്‍ ആളുകള്‍ സഹകരണ സംഘത്തിലേക്ക് എത്തുന്നുണ്ടെന്നാണ് വിവരം.