'മാസപ്പടി രാഷ്ട്രീയ പ്രേരിതമായ കേസല്ല, നിയമപരമായി നേരിട്ടോട്ടെ'; മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ലെന്ന് വി ഡി സതീശന്‍

മാസപ്പടി രാഷ്ട്രീയ പ്രേരിതമായ കേസല്ലെന്നും എസ്എഫ്‌ഐഒ കുറ്റപത്രം കൊടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനാകേണ്ട ഒരാവശ്യവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസ് നിയമപരമായി നേരിട്ടോട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മാസപ്പടി രാഷ്ട്രീയ പ്രേരിതമായ കേസല്ല. ഇന്‍കം ടാക്‌സിന്റെ സ്റ്റാറ്റിയൂട്ടറി ബോഡിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങളാണ്. ആ വിവരങ്ങളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഇതിനകത്ത് മണി ലോണ്ടറിംഗ് നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കേണ്ട കാര്യമാണ്. ഒരു സേവനവും നല്‍കാതെ ഇത്രയും പണം ഈ അക്കൗണ്ടിലേക്ക് വന്നു എന്നുള്ളതാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

സ്വാഭാവികമായും മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരായി ആരോപണമുണ്ടാകും, ആക്ഷേപങ്ങളുണ്ടാകും. അതിന് അദ്ദേഹം പ്രതിപക്ഷത്തിന് നേരെയും മാധ്യമങ്ങള്‍ക്ക് നേരെയും ക്ഷുഭിതനാകേണ്ട കാര്യമില്ല. കേസിനെ നിയമപരമായി നേരിട്ടോട്ടെ. അതില്‍ ഞങ്ങള്‍ക്കൊരു വിരോധവുമില്ല. പക്ഷേ മറ്റു കേസുകള്‍ പോലെ രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാന്‍ ഞങ്ങള്‍ തയാറല്ലെന്നും വി ഡി സതീശൻ പറഞ്ഞു.