മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് കേരളം മരവിപ്പിച്ചു. അസാധാരണ നടപടിയാണ് ഉണ്ടായത്. ഉദ്യോഗസ്ഥതലത്തില്‍ സ്വീകരിക്കേണ്ട തീരുമാനമല്ല ഇത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതര വീഴ്ചയാണ്. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഗുരുതരമായ വീഴ്ച വരുത്തി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അറിയാതെ അനുമതി നല്‍കിയതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ഉത്തരവിനെ കുറിച്ച് വാർത്തകൾ വന്നതോടെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും വിവാദ ഉത്തരവിട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടതായും വനം മന്ത്രി അറിയിച്ചു.
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസറായിരുന്നു മരം മുറിക്കാൻ അനുമതി നല്‍കിയത്. എന്നാല്‍ വനം വകുപ്പ് മന്ത്രിയോ ജലവിഭവവകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടില്ല. മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്നും അത്തരത്തിലുള്ള ഒരു പ്രശ്‌നത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനമെടുത്താല്‍ പോരെന്നും മന്ത്രി എകെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.
മരം മുറിക്കാൻ അനുമതി നൽകിയതിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് അനുമതി നൽകിയ വിവരം പുറത്തുവന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് അനുമതി നൽകിയതെന്നാണ് ഉത്തരവിലുള്ളത്.
Read more
വിഷയത്തിൽ അഭിപ്രായം തേടി മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോഴാണ് വനംമന്ത്രി എം.കെ. ശശീന്ദ്രൻ പോലും മരം മുറിക്കാൻ അനുമതി നൽകിയ വിവരം അറിയുന്നത്. പുതിയ അണകെട്ട് വേണ്ടെന്നും ബേബി ഡാം ബലപ്പെടുത്തിയാൽ മതിയെന്നും തമിഴ്‌നാട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബേബി ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദർശിച്ച ശേഷം തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രിയുടെ പ്രതികരണം. ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് മരം മുറിക്കുന്നത്. ഇതിനായി തമിഴ്നാട് സർക്കാർ കേരളത്തിന്റെ അനുമതി തേടിയിരുന്നു.