കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെ പരിഹാസവുമായി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ.
കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെത്തൽ നടത്തിയിരിക്കുന്നത് വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണെന്നും അദ്ദേഹം പരിഹസിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
ഇനി എല്ലാ മലയാളികൾക്കും സമാധാനിക്കാം. കേരളത്തിൻ്റെ കോവിഡ് ഭീഷണിയ്ക്ക് പരിഹാരമായിരിക്കുന്നു. സംസ്ഥാന ഗവൺമെൻ്റ് ശാസ്ത്രീയമായി ഗവേഷണങ്ങൾ നടത്തി കോവിഡിനെ നേരിടാൻ മാർഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.
നിലവിൽ ഇന്ത്യാരാജ്യത്തെ 70% കേസുകളും കേരളത്തിലാണെങ്കിലും ഇനി മുതൽ ഭയപ്പെടേണ്ടതില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെത്തൽ നടത്തിയിരിക്കുന്നത് വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ്.
നമ്മൾ ഇത്രയുംകാലം പകൽ സമയങ്ങളിൽ കോവിഡിനെ ഭയപ്പെട്ടത് വെറുതേയായിരുന്നു സുഹൃത്തുക്കളെ. രാത്രികാലങ്ങളിൽ പുറത്തിറങ്ങാതിരുന്നാൽ മതി കോവിഡിനെ നമുക്ക് തുരത്താം. രാത്രി ഉറങ്ങുന്നത് മുതൽ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കാൻ മറക്കരുത്.
ജയ് രാത്രി കർഫ്യൂ.