നൂറ് പ്രാവശ്യം പേരും ഫോണ്‍ നമ്പരും എഴുതി നല്‍കി ഉദ്യോഗസ്ഥര്‍; ശിക്ഷ വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ വീഴ്ച വരുത്തിയതിന്

വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഇമ്പോസിഷന്‍ എഴുതിച്ച് വിവരാവകാശ കമ്മീഷണര്‍. ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ ലഭിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും വിവരങ്ങളും ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് ശിക്ഷ നടപടി. വിവരാകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീമാണ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചത്.

കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ വിവാരാകാശ ഓഫീസറായിരുന്ന ഇഗ്‌നേഷ്യസ് എം ജോണ്‍, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിലെ ഡയറക്ടറുടെ പിഎ അനിത എന്നിവരാണ് ശിക്ഷ നടപടി നേരിട്ടത്. ഇരുവരെയും കമ്മീഷന് മുന്നില്‍വച്ച് നൂറുപ്രാവശ്യം സ്വന്തം പേരും ഫോണ്‍ നമ്പറും എഴുതിക്കുകയായിരുന്നു. നിലവില്‍ കോഴിക്കോട് തദ്ദേശവകുപ്പ് റീജിയണല്‍ ഡയറക്ടറാണ് ഇഗ്നേഷ്യസ്.

ഇരുവരും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കാതിരിക്കാന്‍ ശ്രമിച്ചതായും കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍ പേര് രേഖപ്പെടുത്താന്‍ മറന്നുപോയെന്ന് പറഞ്ഞതോടെയാണ് ഇരുവര്‍ക്കും ഇമ്പോസിഷന്‍ നല്‍കിയത്. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കുമ്പോള്‍ പേര് രേഖപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ ശിക്ഷാര്‍ഹരാണെന്ന് വിവരാവകാശ കമ്മീഷണര്‍ അറിയിച്ചു.

വിവരാവകാശ അപേക്ഷകളില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ മറ്റൊരു ഓഫീസിലാണ് ഉള്ളതെങ്കില്‍ അപേക്ഷ അവിടേക്ക് അയച്ച് നല്‍കണം. ഇത്തരം അപേക്ഷകള്‍ക്ക് ഫീസ് ഈടാക്കാതെ വിവരങ്ങള്‍ നല്‍കണം. ഇത്തരത്തില്‍ അപേക്ഷ മറ്റ് ഓഫീസുകളിലേക്ക് കൈമാറാതിരുന്ന കോഴിക്കോട് ജില്ലയിലെ നാല് ഓഫീസര്‍മാരെ ചട്ടപ്രകാരം ശിക്ഷിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചതായും കമ്മീഷണര്‍ പറഞ്ഞു.