അപകടത്തിന് കാരണം തന്റെ അശ്രദ്ധ, കുറ്റസമ്മതം നടത്തി എതിരെ വന്ന ലോറി ഡ്രൈവര്‍; മനപൂര്‍വമായ നരഹത്യ കുറ്റത്തിന് കേസെടുത്ത് പൊലീസ്

പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ലോറിയിടിച്ച് മരിച്ച സംഭവത്തില്‍ എതിരെ വന്ന ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമായ നരഹത്യകുറ്റം. വഴിക്കടവ് സ്വദേശിയായ പ്രജീഷിനെതിരെയാണ് മനരപൂര്‍വമായ നരഹത്യകുറ്റം ചുമത്തിയത്. അപകടത്തിന് കാരണമായത് തന്റെ അശ്രദ്ധയാണെന്ന് പ്രജീഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അപകടം നടന്ന് മണക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ ലോറി ഡ്രൈവറും ക്ലീനറും എതിരെ വന്ന മറ്റൊരു ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എതിരെ വന്ന ലോറിയുടെ ഡ്രൈവര്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.

ഒരു ബൈക്ക് കുറുകേ ചാടിയെന്നും പക്ഷേ താനത് ശ്രദ്ധിക്കാതെ പോയപ്പോഴുള്ള പിഴവാണ് അപകടത്തിന് കാരണമെന്നുമാണ് പ്രജീഷ് നല്‍കിയ മൊഴി. എന്നാല്‍ അപകട സമയം പ്രജീഷ് ഫോണ്‍ ഉപയോഗിച്ചിരുന്നോ എന്നതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നാല് മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.

അപകടത്തില്‍ നാല് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് ജീവന്‍ നഷ്ടമായി. കരിമ്പ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ കരിമ്പ ചെറൂളി പേട്ടേത്തൊടിവീട്ടില്‍ റഫീഖിന്റെ മകള്‍ റിദ, പള്ളിപ്പുറം വീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഇര്‍ഫാന ഷെറിന്‍, കവുളേങ്ങല്‍ വീട്ടില്‍ സലീമിന്റെ മകള്‍ നിത ഫാത്തിമ, അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്റെ മകള്‍ അയിഷ എന്നിവരാണ് മരിച്ചത്.