'പാർലമെൻററി വ്യാമോഹം ചെറുക്കാനാകാതെ പാർട്ടി നിൽക്കുന്നു'; വിമർശിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവലോകന റിപ്പോര്‍ട്ട്

നേതാക്കളെ വിമർശിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവലോകന റിപ്പോര്‍ട്ട്. പാർലമെൻററി വ്യാമോഹം ചെറുക്കാനാകാതെ പാർട്ടി നിൽക്കുന്നുവെന്ന് അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം പാർലമെൻറി താല്പര്യം വർഗ്ഗസമരത്തെയും ബാധിക്കുന്നുവെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവലോകന റിപ്പോർട്ടിൽ പറയുന്നു.

തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവലോകന റിപ്പോര്‍ട്ടിലാണ് നേതാക്കളെ വിമര്‍ശിക്കുന്നത്. പണമുള്ളവരുടെ കൂടെ പാർട്ടി നേതാക്കൾ നിൽക്കുന്ന പ്രവണത കൂടുകയാണ്. ബൂർഷ്വാ പാർട്ടികളെ കൂട്ടുപിടിച്ച് സ്ഥാനമാനങ്ങൾ നേടാനുള്ള വഴി തേടുകയാണ്. ഉപരിവർഗ്ഗത്തിനെതിരായ സമരം ഇതുകാരണം ഉപേക്ഷിക്കുകയാണെന്നും അവലോകന റിപ്പോര്‍ട്ടി പറയുന്നു.

ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ സംഘടിപ്പിക്കാനും അവർക്കായി സമരം ചെയ്യാനും പാർട്ടിക്ക് കഴിയുന്നില്ല. പാർട്ടിയിൽ പിന്തിരിപ്പൻ ചിന്താഗതി വർദ്ധിക്കുകയാണെന്നും ധനികരുമായും അധികാര വർഗ്ഗവുമായും ഏറ്റുമുട്ടാൻ പാർട്ടി തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടി പറയുന്നു. പാർലമെൻററി വ്യാമോഹം കാരണം മേൽകമ്മിറ്റികളും ഉപരിവർഗ്ഗവുമായി ഒത്തുതീർപ്പുണ്ടാക്കുകയാണെന്നും തൊഴിലാളി വർഗ്ഗത്തിനിടയിൽ പാർട്ടിയുടെ സ്വാധീനമിടഞ്ഞുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.