'പാർട്ടി തിരിച്ചു വരും'; എങ്ങനെ മുന്നോട്ടുപോകണമെന്ന് സംസ്ഥാന സമിതി തീരുമാനിക്കും: സീതാറാം യെച്ചൂരി

പോരായ്‌മകൾ പരിഹരിച്ച് പാർട്ടി തിരിച്ചുവരുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പഠിച്ച് ഉണ്ടായ കുറവുകൾ പരിഹരിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. എങ്ങനെ മുന്നോട്ടുപോകണമെന്നത് സംബന്ധിച്ച് സംസ്ഥാന സമിതി ഉചിതമായ തീരുമാനമെടുക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കഴിഞ്ഞകാലങ്ങളിലും പാർട്ടി പോരായ്മകൾ പരിഹരിച്ച് തിരിച്ചു വന്നിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐഎം മേഖലാ യോഗങ്ങൾക്കായി കേരളത്തിലേക്ക് എത്തിയതായിരുന്നു സീതാറാം യെച്ചൂരി. അതേസമയം ഇന്ത്യ സഖ്യം ദേശീയ തലത്തിലേക്ക് മാത്രമായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. പാർട്ടി കേരള ഘടകത്തിന്റെ നിലപാടുകളെ കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം കേന്ദ്രനയങ്ങൾ സംസ്ഥാന ഭരണത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞിരുന്നു. സാമ്പത്തിക ഞെരുക്കം ക്ഷേമപ്രവർത്തനങ്ങളെ ബാധിച്ചുവെന്നും സംസ്ഥാന ഭരണം വിലയിരുത്തുന്നത് നിയമസഭ തിരഞ്ഞെടുപ്പിലായിരിക്കുമെന്നും യെച്ചൂരി കൂട്ടിചേർത്തു. അതേസമയം ഇ പി ജയരാജൻ-പ്രകാശ് ജാവേദ്ക്കർ കൂടിക്കാഴ്ച ഇലക്ഷൻ റിസൾട്ടിനെ ബാധിച്ചിട്ടില്ലെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.