പത്തനംതിട്ട-ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ‘യൂണിയന്‍’ കഴിഞ്ഞ ദിവസം അടൂര്‍ പാര്‍ത്ഥസാരഥി ജംഗ്ഷനിലെത്തിയപ്പോള്‍ ബസില്‍ കയറാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ ജീവനക്കാര്‍ തടഞ്ഞു. മുന്നില്‍ മറ്റൊരു ബസുണ്ടെന്നും അതില്‍ കയറിയാല്‍ മതിയെന്നുമായിരുന്നു ജീവനക്കാര്‍ കുട്ടികളോട് ആക്രോശിച്ചത്.
വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറാന്‍ ശ്രമിച്ചതോടെ ജീവനക്കാര്‍ കുട്ടികളോട് കയര്‍ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വൈറലായ ദൃശ്യങ്ങള്‍ ഒടുവില്‍ അടൂര്‍ പൊലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്ന് ട്രാഫിക് പൊലീസ് ബസ് പിടിച്ചെടുത്ത് ജീവനക്കാരോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ അറിയിച്ചു.
പൊലീസ് സ്റ്റേഷനിലെത്തിയ ജീവനക്കാരെ കാത്തിരുന്നത് എട്ടിന്റെ പണിയായിരുന്നു. വിദ്യാര്‍ത്ഥികളോട് കാട്ടിയ ക്രൂരതയ്ക്ക് പൊലീസ് നല്‍കിയ ശിക്ഷയും അതേ മാതൃകയിലായിരുന്നു. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്ന ജീവനക്കാര്‍ക്ക് നൂറ് തവണ ഇംപോസിഷന്‍ ആയിരുന്നു പൊലീസ് നല്‍കിയ ശിക്ഷ.
Read more
കുട്ടികളെ ബസില്‍ കയറ്റാതിരിക്കുകയോ, മനഃപൂര്‍വമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല എന്ന് ഓരോ ജീവനക്കാരനും നൂറ് തവണ ഇംപോസിഷന്‍ എഴുതണം എന്നായിരുന്നു അടൂര്‍ പൊലീസിന്റെ നിര്‍ദ്ദേശം. തുടര്‍ന്ന് ഓരോ ജീവനക്കാരനും എഴുത്ത് ആരംഭിച്ചു. രണ്ട് മണിക്കൂര്‍ കൊണ്ടായിരുന്നു ഇംപോസിഷന്‍ പൂര്‍ത്തിയായത്.