ഓണാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും; വയനാടിനെ ഓർത്ത് പ്രിയങ്കാ ഗാന്ധി

തിരുവോണ നാളില്‍ മലയാളികൾക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി എന്നിവർ. എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു.

‘ഓണത്തിൻ്റെ സുവർണാവസരത്തിൽ എല്ലാവർക്കും ആശംസകൾ. പ്രത്യേകിച്ച് കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഹൃദയംഗമമായ ആശംസകൾ. വിളവെടുപ്പ് ആഘോഷിക്കുകയും പ്രകൃതി മാതാവിനോടുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ’- രാഷ്ട്രപതി കുറിച്ചു.

കേരളത്തിന്റെ മഹത്തായ സംസ്‌കാരമാണ് ആഘോഷിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ഓണം ആഘോഷിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെയെന്നും നരേന്ദ്രമോദി എക്‌സ് കുറിപ്പിലൂടെ ആശംസിച്ചു. ‘എല്ലാവര്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എല്ലായിടത്തും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തെ ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു’- പ്രധാനമന്ത്രി കുറിച്ചു.

‘എല്ലാവര്‍ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു! ഈ മനോഹരമായ ഉത്സവദിനം നിങ്ങളുടെ ജീവിതത്തിന് പുതിയ തുടക്കവും സന്തോഷവും നല്‍കട്ടെയെന്നും’ രാഹുല്‍ ഗാന്ധി ആശംസിച്ചു. വയനാട്ടിലെ സഹോദരങ്ങളുടെ അസാമാന്യമായ ധൈര്യത്തെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഓണാശംസ.

‘ഓണത്തിൻ്റെ ആഘോഷമായ ചൈതന്യത്തെ സ്വാഗതം ചെയ്യുമ്പോൾ, നമുക്ക് അതിൻ്റെ ഐക്യത്തിൻ്റെയും അനുകമ്പയുടെയും പ്രത്യാശയുടെയും സന്ദേശം ഉൾക്കൊള്ളാം. ഈ അവസരത്തിൽ, വയനാട്ടിലെ സഹോദരങ്ങളുടെ അസാമാന്യമായ ധൈര്യത്തെ നമുക്കും ആദരിക്കാം. ഞങ്ങൾക്ക് കഴിയുന്ന എല്ലാ വിധത്തിലും പിന്തുണയും ശക്തിയും വാഗ്ദാനം ചെയ്ത് ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നു.
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സമാധാനവും അനുഗ്രഹീതവുമായ ഒരു ഓണം ആശംസിക്കുന്നു!’- പ്രിയങ്ക കുറിച്ചു.

Read more