കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് രേഖകള്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ലഭ്യമാകുന്നത് തടയാനുള്ള തെരഞ്ഞെടുപ്പ് ചട്ട ദേഭഗതിനീക്കം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഎം പിബി. തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ടികളുമായി കൂടിയാലോചിച്ചശേഷം തെരഞ്ഞെടുപ്പ് കമീഷന്‍ അവതരിപ്പിച്ചതാണ് വീഡിയോ ചിത്രീകരണമടക്കമുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങള്‍.
ചട്ടഭേദഗതിക്കായി കമീഷനുമായി കേന്ദ്രസര്‍ക്കാര്‍ കൂടിയാലോചന നടത്തിയെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

എന്നാല്‍ കീഴ്വഴക്കങ്ങള്‍ക്ക് ലംഘിച്ച്, രാഷ്ട്രീയ പാര്‍ടികളുമായി ചര്‍ച്ച നടത്താതെയാണ് കമീഷന്‍ യോജിപ്പറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്യാന്‍ പരാതിക്കാരന് അവകാശമില്ലെന്ന കേന്ദ്രവാദം ദുരൂഹമാണ്. നടപടിക്രമങ്ങളില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള പങ്കാളിത്തം പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് ഈ സമീപനം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഉയര്‍ന്ന തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം പോളിങ് ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലേക്കും തുടര്‍ന്ന് രണ്ടു മണ്ഡലങ്ങളിലെയും പകുതിയോളം ബൂത്തുകളിലെ റീപോളിങ്ങിലേക്കും നയിച്ചതാണ് സിപി എമ്മിന്റെ അനുഭവം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സാങ്കേതികവിദ്യ അവിഭാജ്യ ഘടകമായി മാറിയ ഈ കാലഘട്ടത്തിലുള്ള സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പനാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.