അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിർണായക ഘട്ടത്തിൽ; കൂടുതൽ സ്ഥലങ്ങളിൽ മാർക്ക് ചെയ്‌ത്‌ പരിശോധന

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായി തെരച്ചിൽ ഊർജിതം. കൂടുതൽ സ്ഥലങ്ങളിൽ മാർക്ക് ചെയ്‌ത്‌ പരിശോധന ആരംഭിച്ചു. അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിർണായക ഘട്ടത്തിലാണ്. അതേസമയം ചെളി നിറഞ്ഞ മണ്ണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയുണ്ടാക്കുന്നത്.

അത്യാധുനിക റഡാർ ഉപയോ​ഗിച്ചുളള പരിശോധന മണിക്കൂറുകൾ പിന്നിട്ടു. ലോറിയുടേതെന്ന് സ്ഥിരീകരിക്കാൻ തക്കവിധത്തിലുള്ള സി​ഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദൗത്യസംഘത്തിന്റെ വെളിപ്പെടുത്തൽ. മം​ഗളൂരിൽ നിന്ന് റഡാർ എത്തിച്ചാണ് മണ്ണിടിഞ്ഞ പരിശോധന നടത്തുന്നത്. സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് റഡാർ പരിശോധന നടത്തുന്നത്.

അതേസമയം അർജുൻറെ കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചു. രക്ഷാദൗത്യത്തിന് സൈന്യത്തെ ഇറക്കണമെന്നാണ് ആവശ്യം. അതിനിടെ രക്ഷാദൗത്യത്തിന് വേഗം കൂട്ടണമെന്നാവശ്യപ്പെട്ട് അർജ്ജുന്റെ അമ്മ രംഗത്തെത്തി. നിലവിലെ സംവിധാനത്തിൽ വിശ്വാസം നഷ്ടമായെന്നും കേരളത്തിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ പങ്കാളികളാക്കണമെന്നും അമ്മ പറഞ്ഞു.